Tuesday, October 03, 2006

വെനസ്വുലന്‍ പ്രസിഡണ്ട്‌ ഹ്യൂഗോ ചാവേസ്‌ യു.എന്‍ പൊതുസഭയില്‍ ചെയ്ത പ്രസംഗം 4 ഭാഗങ്ങളിലായി ജനശക്തി ന്യൂസിലൂടെ പ്രസിദ്ധീകരിക്കുന്നു.
ലോക ഛത്രാധിപതിയെ സര്‍വ്വവും പിടിച്ചടക്കുവാന്‍ നാം അനുവധിക്കില്ല. - ഹ്യൂഗോ ചാവേസ്‌
ലോകരാഷ്ട്രങ്ങളുടെ അധ്യക്ഷന്മാര്‍ക്ക്‌ സുപ്രഭാതം...
ആദ്യമായി വിനയപുരസ്കരം ഞാനീ കൃതിയിലേയ്ക്ക്‌ ക്ഷണിക്കുന്നു. അമേരിക്കയുടെയും ലോകത്തിന്റെയും അഭിമാനമായ ബുദ്ധിജീവി നോം ചോംസ്കിയുടെ കൃതിയാണിത്‌(അമേരിക്കയുടെ സാമ്രാജ്യത്വ തന്ത്രം ആധിപത്യമോ അതിജീവനമോ). ഇതൊരു അസാധാരണ കൃതിയാണ്‌.ഇരുപതാം നൂറ്റാണ്ടില്‍ ഇവിടെ എന്തുനടന്നുകൊണ്ടിരിക്കുന്നു, ഇപ്പോള്‍ എന്തു നടക്കുന്നു, നമ്മുടെ പ്രപഞ്ചത്തെ ഗ്രസിച്ച ഏറ്റവും ഭീകരമായ വിപത്ത്‌ ഏത്‌ തുടങ്ങി എല്ലാം ഈ കൃതി നമുക്കു പറഞ്ഞു തരുന്നു.
മനുഷ്യകുലത്തിന്റെ അതിജീവനം തന്നെ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്‌ അമേരിക്കന്‍ സാമ്രാജ്യത്തിന്റെ ആധിപത്യമോഹങ്ങള്‍. ഈ വിപത്തിനെ കുറിച്ച്‌ ഞങ്ങള്‍ ആവര്‍ത്തിച്ച്‌ മുന്നറിയിപ്പ്‌ നല്‍കിക്കൊണ്ടേയിരിക്കുന്നു. നമ്മുടെ തലക്കുമുകളിലെ വാളായി തൂങ്ങി നില്‍ക്കുന്ന ഈ ഭീഷണിക്ക്‌ തടയിടാന്‍ അമേരിക്കയിലും ലോകത്തെങ്ങാനുമുള്ള ജനങ്ങളോട്‌ ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. ഈ പുസ്തകങ്ങളില്‍ നിന്ന് അല്‍പം വായിക്കണമെന്നുണ്ടായിരുന്നു. സമയത്തിന്റെ പ്രശ്നമോര്‍ത്ത്‌ തല്‍ക്കാലം ഇത്‌ വായനക്ക്‌ നിര്‍ദ്ദേശിക്കുകയാണ്‌.
ഈ ഗ്രന്ഥം ഇംഗ്ലീഷ്‌, റഷ്യന്‍, അറബി, ജര്‍മന്‍ ഭാഷകളില്‍ ലഭ്യമാണ്‌. ഇതു വായിക്കേണ്ടത്‌ ആദ്യം അമേരിക്കയിലെ സഹോദരങ്ങളാണ്‌. കാരണം സ്വന്തം തട്ടകത്തിലാണ്‌ അവരിപ്പോള്‍ ഭീഷണി നേരിടുന്നത്‌. ചെകുത്താന്‍ ഇപ്പോള്‍ ഇവിടെ തന്നെയാണ്‌. അതെ, അമേരിക്കയില്‍ തന്നെയാണ്‌ ശരിയായ ചെകുത്താന്‍ ഉള്ളത്‌. മാന്യരെ, ഇന്നലെ ഇതേ വേദിയില്‍ ഞാന്‍ ചെകുത്താനെന്നു വിശേഷിപ്പിച്ച അമേരിക്കയുടെ പ്രസിഡണ്ട്‌ വന്നിരുന്നു. അദ്ദേഹത്തിന്റെ സംസാരം കേട്ടാല്‍ ലോകം തന്റെ അധീനതയിലാണെന്ന രീതിയിലായിരുന്നു.
ഇന്നലെ അദ്ദേഹം നടത്തിയ പ്രസ്താവനകള്‍ ഒരു മനശാസ്ത്ര വിദഗ്ദന്റെ വിശകലനത്തിനു വിധേയമാക്കണമെന്നാണ്‌ എന്റെ അഭിപ്രായം. യഥാര്‍ത്ഥ ജനാധിപത്യം ആയുധങ്ങളോ ബോംബുകളോ കൊണ്ട്‌ അടിച്ചേല്‍പ്പിക്കാനാവില്ല. അങ്ങിനെ അടിച്ചേല്‍പ്പിച്ചാല്‍ തന്നെ ആ ജനാധിപത്യം എന്താണ്‌, ഏതാണ്‌?
അമേരിക്കന്‍ പ്രസിഡണ്ട്‌ ഇന്നലെ നമ്മോട്‌ പറഞ്ഞു, നിങ്ങള്‍ എവിടെ നോക്കിയാലും തീവ്രവാദികളെ കാണാം. അതെ, എവിടെ നോക്കിയാലും അദ്ദേഹം തീവ്രവാദികളെ മാത്രമേ കാണുന്നുള്ളു. നിറം നോക്കിയിട്ടു പറയുന്നു, അയാള്‍ തീവ്രവാദികളാണെന്നു.... ബൊളീവിയന്‍ പ്രസിഡണ്ടായ ഇവോ മൊറേല്‍സ്‌ അങ്ങേര്‍ക്ക്‌ തീവ്രവാദിയാണ്‌. സാമ്രാജ്യത്വ ശക്തികള്‍ക്ക്‌ എവിടെ നോക്കിയാലും തീവ്രവാദികളെ മാത്രമേ കാണുവാന്‍ സാധിക്കുകയുള്ളു.. നമ്മള്‍ തീവ്രവാദികളായതുകൊണ്ടല്ല അത്‌.... ലോകം ജാഗ്രത്താകുകയാണ്‍്‌. നാലുപാടും ജനങ്ങള്‍ ഉണര്‍ന്നെണീറ്റുകൊണ്ടിരിക്കുന്നു.

1 comment:

Unknown said...

ഐക്യരാഷ്‌ട്രാ സഭയുടെ ചരിത്രത്തില്‍, ഒരു പ്രഭാഷണത്തിന്‌ ശേഷം ഇത്രയധികം കൈയ്യടി ലഭിച്ച മറ്റൊരു പ്രഭാഷണം ഇല്ലായിരുന്നു. ഈ ധൈര്യവും ചങ്കൂറ്റവും ഇന്ത്യ പോലുള്ള വളര്‍ന്നു വരുന്ന വന്‍കിടരാജ്യങ്ങള്‍ കൂടി കാണിച്ചിരുന്നെങ്കില്‍ അമേരിക്കയെന്നല്ല, ഒരു സാമ്രാജ്യത്വശക്തിയും ലോകത്ത്‌ തല പൊക്കില്ല.

എല്ലാത്തിനുമപ്പുറം, ജനശക്തിയാണ്‌ ഏറ്റവും വലിയ ശക്തി. സാമ്രാജ്യത്വത്തിന്റെ പുതിയ രൂപങ്ങളെ കുറിച്ചും, സാംസ്കാരിക ബൌദ്ധിക അധിനിവേശങ്ങളെ കുറിച്ചുമൊക്കെ കേരളത്തിലെ പുരോഗമന പ്രസ്‌ഥാനങ്ങല്‍ പതിനഞ്ച്‌ വര്‍ഷങ്ങള്‍ക്ക്‌ മുന്നെ തന്നെ അറിയിപ്പ്‌ നല്‍കിയിരുന്നു. അന്നത്‌ പലര്‍ക്കും തമാശയായാണ്‌ അനുഭവപ്പെട്ടത്‌. അമേരിക്കയിലിരിക്കുന്ന അധിപന്മാര്‍ക്കെതിരെ, കണ്ണൂരിലിരുന്ന് മുദ്രാവാക്യം വിളിക്കുന്ന വിഡ്ഡികള്‍ എന്ന് പലരും വിശേഷിപ്പിച്ചു. പക്ഷെ, ഇന്ന് നമുക്കിടയില്‍ നിന്നും തൂത്തു കളയാന്‍ സാധിക്കാത്ത വിധം സാമ്രാജ്യത്വം ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞു. പണ്ടത്തെ സായുധമായ അടിച്ചമര്‍ത്തല്‍ ഇന്നും നടക്കുന്നു. അതിനു സാധിക്കാത്ത ഇന്ത്യ പോലുള്ള രാജ്യങ്ങളെ അവര്‍ വൈചാരികമായി അടിച്ചമര്‍ത്തി. മീഡിയകളും, കണ്‍സ്യൂമറിസവും അതിനവര്‍ക്കുള്ള ആയുധങ്ങളായിരുന്നു. മഹാകവി ഇഖ്‌ബാല്‍ പറഞ്ഞത്‌ പോലെ, ഒട്ടകത്തെ നഷ്‌ടപ്പെട്ടു എന്ന ചിന്ത പോലും നമ്മില്‍ നിന്നും നഷ്‌ടപ്പെട്ടിരിക്കുന്നു.

ചാവേസുമാരും കാസ്‌ട്രോമാരും ചരിത്ത്രത്താളുകള്‍ക്കിടയില്‍ മറയും. പക്ഷെ, അവരുടെ ശബ്‌ദങ്ങള്‍ എന്നും അന്തരീക്ഷത്തില്‍ മുഴങ്ങിക്കൊണ്ടേയിരിക്കും. പുതിയ ചാവേസുമാര്‍ വീണ്ടും പിറവി കൊള്ളും. പക്ഷെ, അവര്‍ ഒറ്റപ്പെടും.. അവരുടെ ശബ്‌ദം ശണ്‍ഠീകരിക്കപ്പെട്ട മനുഷ്യമസ്‌തിഷ്‌കങ്ങളില്‍ തട്ടി ചിന്നഭിന്നമാകും... അവരുടെ ഒറ്റയാള്‍ പോരാട്ടങ്ങള്‍ക്ക്‌ അവരുടെ അണികളില്‍ നിന്നു തന്നെ തിരിച്ചടിയുണ്ടാകും.. അത്ര മാത്രം വിസ്‌തൃതി പ്രാപിച്ചു കഴിഞ്ഞിരിക്കുന്നു സാമ്രാജ്യത്വം.

സാമ്രാജ്യത്ത്വത്തെ വെല്ലാന്‍ ഇനിയൊരു കമ്മ്യൂണീസം ഇവിടെ ഇല്ല. അത്‌ കേരളത്തിലായാലും, റഷ്യയിലായാലും, ചൈനയിലായാലും..... ഇനിയെന്ത്‌..!!!!???

എങ്കിലും.. പ്രതീക്ഷയുടെ കൈത്തിരി അണഞ്ഞിട്ടില്ലെന്ന് സമകാലിക ചലനങ്ങള്‍ പറയുന്നു...