Thursday, September 28, 2006

മാറാട്‌ റിപ്പോര്‍ട്ട്‌

മാറാട്‌ റിപ്പോര്‍ട്ട്‌: സി.ബി.ഐ അന്വേഷണത്തിനു ശുപാര്‍ശ ചെയ്തു.

തിരു: മാറാട്‌ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സി.ബി.ഐ അന്വേഷണത്തിനു സര്‍ക്കാര്‍ ശിപാര്‍ശ ചെയ്തു. ഗൂഢാലോചന, തീവ്രവാദി ബന്ധം, ധന ശ്രോതസ്സ്‌ എന്നിവയെ കുറിച്ച്‌ വിശദമായി അന്വേഷിക്കും. സപ്തംബര്‍ 12നു അന്വേഷണം ആവശ്യപ്പെടുന്ന കത്ത്‌ സി.ബി.ഐക്ക്‌ അയച്ചതായും മന്ത്രി പറഞ്ഞു. കമ്മീഷന്‍ ശുപാര്‍ശകള്‍ അംഗീകരിക്കുന്നതായി കോടിയേരി പറഞ്ഞു.
കാലതാമസമുണ്ടാക്കിയത്‌ നടപടിക്രമം പൂര്‍ത്തിയാക്കാത്തതിലാണെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.മുന്‍ കളക്ടര്‍ ടി.ഒ. സൂരജിനെയും സഞ്ജീവ്‌ പട്ജോഷിക്കെതിരെയും അഖിലേന്ത്യാ സര്‍വ്വീസ്‌ നിയമപ്രകാരം നടപടി എടുക്കും. കലാപം തടയുന്നതില്‍ കോഴിക്കോട്‌ ജില്ലാഭരണകൂടവും പോലീസും പരാജയപ്പെട്ടു. കമ്മീഷന്‍ ശുപാര്‍ശകള്‍ പലതും നടപ്പാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളെ ചുമതലപ്പെടുത്തി. മാറാട്‌ മഹല്ല് കമ്മിറ്റിയിലെ ചിലര്‍ക്ക്‌ ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മാറാട്‌ റിപ്പോര്‍ട്ട്‌ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നിയമസഭയില്‍ വച്ചപ്പോള്‍ ഈ റിപ്പോര്‍ട്ടിനെ കുറിച്ച്‌ ചര്‍ച്ചവേണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടു. റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ചയാകാമെന്ന് സര്‍ക്കാര്‍ അറിയിച്ചു. അതെപ്പോള്‍ വേണമെന്നു ആലോചിച്ച്‌ തീരുമാനിക്കാമെന്നു സ്പീക്കര്‍ പറഞ്ഞു. എന്നാല്‍ ചര്‍ച്ച എത്രയും പെട്ടെന്നുവേണമെന്നു പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ ചാണ്ടി പറഞ്ഞു. കാര്യോപദേശക സമിതി ചേര്‍ന്ന് ചര്‍ച്ച എപ്പോള്‍ വേണമെന്നു തീരുമാനിക്കാമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
റിപ്പോര്‍ട്ട്‌ ചോര്‍ന്നതെങ്ങനെയെന്ന് പരിശോധിക്കണമെന്ന് പി.സി.ജോര്‍ജ്ജ്‌ ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട്‌ ചോര്‍ത്തിയത്‌ യു.ഡി.എഫ്‌ അല്ലെന്നും അങ്ങനെയാണെങ്കില്‍ ആറുമാസം മുമ്പേ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട്‌ വരുമായിരുന്നുവെന്നും പ്രതിപക്ഷ നേതാവ്‌ പറഞ്ഞു. പ്രധാന നിര്‍ദ്ദേശങ്ങള്‍ ഒരു മാധ്യമത്തിലും വന്നിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി അറിയിച്ചു. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്‌ അംഗങ്ങളുടെ മുറിയിലെത്തിക്കുമെന്നു സ്പീക്കര്‍ പറഞ്ഞു

1 comment:

Anonymous said...

ഈ ബ്ലോഗിന്റെ നാമം 'ജന്മഭൂമി' എന്നോ 'ദേശാഭിമാനി' എന്നോ ആക്കി മാറ്റിയാല്‍ തരക്കേടില്ലായിരുന്നു.'കേസരി'യെന്നോ 'സാംന' യെന്നോ ആയാലും കൊള്ളാം...അല്ലാ..., വായനക്കാരന്ന് മുകളില്‍ പറഞ്ഞവ വായിക്കുന്ന പ്രതീതി തരുന്നതു കൊണ്ടാ... മറ്റൊന്നുമല്ല..