Thursday, July 23, 2015

എഞ്ചിനിയറാകാന്‍ കുട്ടികളെ കിട്ടാനില്ല.......എന്തായാലും എഞ്ചിനിയറാകേണ്ടായെന്ന് കുട്ടികള്‍.......35000 എന്‍ജി. സീറ്റ് ഒഴിഞ്ഞുകിടക്കും

എഞ്ചിനിയറാകാന്‍ കുട്ടികളെ കിട്ടാനില്ല.......എന്തായാലും  എഞ്ചിനിയറാകേണ്ടായെന്ന്  കുട്ടികള്‍.......

35000 എന്‍ജി. സീറ്റ് ഒഴിഞ്ഞുകിടക്കും

തൃശൂര്‍ > എന്‍ജിനിയറിങ് അവസാന അലോട്ട്മെന്റിലെ പ്രവേശനം തിങ്കളാഴ്ച തീരാനിരിക്കെ സംസ്ഥാനത്ത് മുപ്പത്തയ്യായിരത്തോളം സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുമെന്ന് ഉറപ്പായി. ഒഴിഞ്ഞുകിടക്കുന്നതില്‍ 90 ശതമാനത്തിലധികവും സ്വാശ്രയ കോളേജുകളിലായിരിക്കും. രണ്ട് അലോട്ട്മെന്റില്‍ പ്രവേശനം കഴിഞ്ഞപ്പോള്‍ നാല്‍പ്പതിനായിരത്തോളം സീറ്റുകളായിരുന്നു ഒഴിവ്. ബുധനാഴ്ച തുടങ്ങിയ അവസാനഘട്ടം പ്രവേശനത്തില്‍ ഓപ്ഷന്‍ നല്‍കിയവര്‍ അയ്യായിരത്തിലധികം വരില്ല. ആ നിലയ്ക്ക് ഈ വര്‍ഷത്തെ എന്‍ജിനിയറിങ് ഒഴിവുകള്‍ സര്‍വകാല റെക്കോഡാകും.കഴിഞ്ഞ വര്‍ഷം 27000 സീറ്റായിരുന്നു ഒഴിഞ്ഞുകിടന്നത്. ഇതില്‍ പതിനായിരത്തോളം മെറിറ്റ് സീറ്റായിരുന്നു. പഠനിലവാരത്തകര്‍ച്ചമൂലം കേരളത്തിലെ സ്വാശ്രയ എന്‍ജിനിയറിങ് മേഖലയില്‍നിന്നു കുട്ടികള്‍ പിന്മാറുന്നതിന്റെ സൂചനയാണിതെന്ന് അക്കാദമിക്വിദഗ്ധര്‍ വിലയിരുത്തുന്നു.

സ്വാശ്രയ കോളേജുകളില്‍ മെറിറ്റില്‍ 75,000 രൂപയും മാനേജ്മെന്റ് സീറ്റില്‍ ഒന്നേകാല്‍ ലക്ഷംവരെയുമാണ് ഫീസ്്. കുട്ടികളെ കിട്ടാത്തതിനാല്‍ മാനേജ്മെന്റ് സീറ്റില്‍, മെറിറ്റ് സീറ്റ് ഫീസ് നിരക്കില്‍ പ്രവേശനം തുടങ്ങിയിട്ടുണ്ട്. സ്വാശ്രയ എന്‍ജിനിയറിങ് പ്രവേശനത്തിന് ശാസ്ത്രവിഷയങ്ങളില്‍ മൊത്തം 45 ശതമാനം മാര്‍ക്ക് മതിയെന്നും എന്‍ട്രന്‍സ് പരീക്ഷയില്‍ പൂജ്യം കിട്ടിയാലും പ്രവേശനം നല്‍കാനും സര്‍ക്കാര്‍ അനുമതിയുണ്ട്. എന്നിട്ടും മെറിറ്റ് സീറ്റില്‍പോലും ചേരാന്‍ ആളില്ല. ആഗസ്ത് ഒന്നിനാണ് ക്ലാസ് തുടങ്ങുക. കേരളത്തില്‍ സര്‍ക്കാര്‍ മേഖലയിലടക്കം 164 എന്‍ജിനിയറിങ് കോളേജുകളില്‍ 60,000 സീറ്റാണുള്ളത്. ഇതില്‍ സര്‍ക്കാര്‍-എയ്ഡഡ് മേഖലയില്‍ 12,000 സീറ്റാണ്. ബാക്കി 48,000 സീറ്റും 122 സ്വാശ്രയ കോളേജിലും മുപ്പതോളം സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ കോളേജുകളിലുമാണ്. ഐഐടി, എന്‍ഐടി എന്നിവയില്‍ സീറ്റു കിട്ടുന്നതനുസരിച്ച് സര്‍ക്കാര്‍ കോളേജുകളില്‍ തല്‍ക്കാലികമായി ചേര്‍ന്നവര്‍ വിട്ടുപോകുന്നുമുണ്ട്. മൂന്നാം അലോട്ട്മെന്റ് കഴിഞ്ഞിട്ടും സീറ്റുകള്‍ ഒഴിഞ്ഞുകിടന്നാല്‍ പിന്നീട് അതില്‍ പ്രവേശനം സാധ്യമാകില്ല.

കേരളത്തിനു പുറത്ത് എന്‍ജിനിയറിങ് പഠനം നടത്തുന്ന കുട്ടികള്‍ക്ക് ഇക്കുറിയും കുറവില്ലെന്നാണ് ആദ്യസൂചന. ശരാശരി 15,000നും 20,000നും ഇടയില്‍ കുട്ടികള്‍ മറ്റു സംസ്ഥാനങ്ങളില്‍ പ്രവേശനം നേടുന്നു. മറ്റിടങ്ങളിലെ പരീക്ഷകള്‍ താരതമ്യേന എളുപ്പമായതും കൃത്യസമയത്ത് പരീക്ഷ നടക്കുന്നതുമാണ് ഇതിനു കാരണമായി പറയുന്നത്. കേരളത്തിലെ സ്വാശ്രയ കോളേജുകളില്‍ ശരാശരി വിജയം 20 ശതമാനമാണ്. കേരള സര്‍വകലാശാലക്കു കീഴില്‍ ആറു കോളേജിലും എം ജിയില്‍ 13 കോളേജിലും കലിക്കറ്റില്‍ 15 കോളേജിലും കണ്ണൂരിനു കീഴില്‍ രണ്ടു കോളേജിലും മാത്രമാണ് ശരാശരി 35 ശതമാനത്തില്‍ കൂടുതല്‍ വിജയമുള്ളത്. 2016ല്‍ 25 ശതമാനമെങ്കിലും വിജയമില്ലാത്ത കോളേജുകള്‍ പൂട്ടണമെന്നാണ് ഹൈക്കോടതി നിര്‍ദേശം.
Show less

Wednesday, July 15, 2015


ഗൗരിയമ്മക്കെതിരായ പരാമര്‍ശം: പി സി ജോര്‍ജിന് താക്കീത്







തിരുവനന്തപുരം> മുതിര്‍ന്ന നേതാവ് ഗൗരിയമ്മക്കും ടി വി തോമസിനും എതിരെ മോശം പരാമര്‍ശം നടത്തിയ പി സി ജോര്‍ജ് എംഎല്‍എയെ താക്കീത് ചെയ്തു. ഈ വിഷയത്തില്‍ നിയമസഭ എത്തിക്സ് കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ശാസിച്ചത്. സഭാ നടപടിയെ ആദരവോടെ സ്വീകരിക്കുന്നതായി പി സി ജോര്‍ജ് പറഞ്ഞു.
ജോര്‍ജിന്റെ നടപടിയെ ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്ന് കെ മുരളീധരന്‍ ചെയര്‍മാനായ എത്തിക്സ് കമ്മിറ്റി റിപ്പോര്‍ട്ടിലുണ്ട്. ജനപ്രതിനിധിയെന്ന നിലയില്‍ എല്ലാ അതിര്‍ത്തിയും ലംഘിച്ചുള്ളതായിരുന്നു ജോര്‍ജിന്റെ പരാമര്‍ശമെന്നും ജോര്‍ജിനെ ശാസിക്കണമെന്നും കമ്മിറ്റി വിലയിരുത്തി. അരമണിക്കൂര്‍ റിപ്പോര്‍ട്ട് ചര്‍ച്ചചെയ്തശേഷമാണ് സഭ ജോര്‍ജിനെ താക്കീത് ചെയ്തത്.


പുസ്തകം കൊടുക്കാത്ത മന്ത്രിക്ക്  പുസ്തകം കീറുന്ന  അനുയായികള്‍: പിണറായി
തിരുവനന്തപുരം > പാഠപുസ്തകം കൊടുക്കാത്ത വിദ്യാഭ്യാസമന്ത്രിക്ക് പുസ്തകം കീറുന്ന അനുയായികളാണുള്ളതെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു. ഫെയ്സ്ബുക്ക് പോസ്റ്റിലാണ് പിണറായിയുടെ പ്രതികരണം
.പാഠപുസ്തക അച്ചടിയും വിതരണവും അട്ടിമറിച്ച സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലെ കുഞ്ഞുങ്ങളോട് ചെയ്തത് അക്ഷന്തവ്യമായ അപരാധമാണ്. പാഠപുസ്തകം കിട്ടാത്തതുമൂലം കുട്ടികള്‍ അനുഭവിക്കുന്ന പ്രയാസം ഇല്ലാതാക്കാന്‍ സ്വയം സന്നദ്ധരായി മുന്നോട്ടുവന്നാണ് എസ്എഫ്ഐ- ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പുസ്തകത്തിന്റെ ഫോട്ടോസ്റ്റാറ്റ് എടുത്ത് വിതരണംചെയ്യുന്നത്.
തൃപ്രങ്ങോട് കൈനിക്കര എഎംഎല്‍പി സ്കൂളില്‍ അങ്ങനെ വിതരണംചെയ്ത പുസ്തകം കുട്ടികളില്‍നിന്നും പ്രവര്‍ത്തകരില്‍നിന്നും പിടിച്ചുവാങ്ങി നശിപ്പിക്കുകയും പ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്ത സംഭവം സമൂഹമനസ്സാക്ഷിയോടുള്ള വെല്ലുവിളിയാണ്്. നാലാംക്ലാസിലെ 44 വിദ്യാര്‍ഥികള്‍ക്കുള്ള മലയാളം, ഇംഗ്ലീഷ് പാഠപുസ്തകങ്ങളുമായി എസ്എഫ്ഐ- ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ എത്തിയപ്പോഴാണ് എംഎസ്എഫ്- യൂത്ത് ലീഗ് സംഘം തടഞ്ഞത്.
സ്കൂള്‍ അധികൃതരുടെയും പിടിഎയുടെയും അനുവാദം വാങ്ങി വിതരണംചെയ്ത പുസ്തകം കീറിയെറിഞ്ഞത് വിദ്യാഭ്യാസമന്ത്രിയുടെ അനുയായികള്‍തന്നെയാണെന്നത് നിസ്സാരമല്ല. ഈ നെറികെട്ട അക്രമത്തിനും സംസ്കാരശൂന്യതയ്ക്കുമെതിരെ എല്ലാ വിഭാഗം ജനങ്ങളില്‍നിന്നും പ്രതിഷേധമുയരണമെന്ന് പിണറായി പറഞ്ഞു.

\
പാമോലിന്‍ അഴിമതി: ജിജി തോംസന്റെ വാദം തെറ്റെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം > പാമോയിന്‍ ഇറക്കുമതിയിലെ അഴിമതിയുമായി ബന്ധപ്പെട്ട ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ വാദം തെറ്റാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പാമോയിന്‍ ഇറക്കുമതി ചെയ്യാനുള്ള തീരുമാനത്തിന് വിയോജനകുറിപ്പ് നല്‍കിയതിന്റെ രേഖകള്‍ ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
കരുണാകരന്‍ സര്‍ക്കാര്‍ പാമോലില്‍ ഇറക്കുമതി ചെയ്യാനെടുത്ത തീരുമാനം തെറ്റായിരുന്നെന്ന് തുറന്നുപറഞ്ഞ് ജിജി തോംസണ്‍ രംഗത്ത് വന്നിരുന്നു. താന്‍ അന്നു തന്നെ വിയോജനക്കുറിപ്പ് എഴുതിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഈ രേഖകള്‍ ലഭിച്ചിട്ടില്ലെന്നാണ് ആഭ്യന്തരമന്ത്രി ഇന്ന് നിയമസഭയിൽ  പറഞ്ഞത്.
1991ല്‍ കെ കരുണാകരന്‍ മുഖ്യമന്ത്രിയും ഉമ്മന്‍ചാണ്ടി ധനമന്ത്രിയുമായിരിക്കെയാണ് മലേഷ്യയില്‍നിന്ന് 14000 ടണ്‍ പാമൊലിന്‍ ഉയര്‍ന്ന സര്‍വീസ് നിരക്കില്‍ ഇറക്കുമതിചെയ്ത് 2.32 കോടി രൂപയുടെ നഷ്ടം വരുത്തിയത്. കെ കരുണാകരന്‍ ഒന്നാം പ്രതിയും അന്നത്തെ ഭക്ഷ്യ മന്ത്രി ടി എച്ച് മുസ്തഫ രണ്ടാം പ്രതിയുമായിരുന്നു. അന്ന് സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ എംഡിയായിരുന്ന ജിജി തോംസണ്‍, സിവില്‍ സപ്ലൈസ് കമ്മീഷണര്‍ പി ജെ തോമസ് എന്നിവരടക്കം ഏഴുപേരാണ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ളത്.


കലിക്കറ്റ് വിസിയെ പ്രോസിക്യൂട്ട്ചെയ്യും
തേഞ്ഞിപ്പലം > ചട്ടങ്ങള്‍ മറികടന്ന് എന്‍ജിനിയറിങ് പ്രാക്ടിക്കല്‍ പുനഃപരീക്ഷ നടത്തിയ കലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലറെയും പ്രോ വൈസ് ചാന്‍സലറെയും പ്രോസിക്യൂട്ട് ചെയ്യാന്‍ ചാന്‍സലര്‍കൂടിയായ ഗവര്‍ണര്‍ അനുമതിനല്‍കി. വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോളിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിസി ഡോ. എം അബ്ദുള്‍ സലാമിനും പിവിസി കെ രവീന്ദ്രനാഥിനും എതിരെ നിയമനടപടിക്ക് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം അനുമതിനല്‍കിയത്. ഇതുസംബന്ധിച്ച ചാന്‍സലറുടെ കത്ത് സര്‍കലാശാലാ രജിസ്ട്രാര്‍ ഡോ. ടി എ അബ്ദുള്‍ മജീദിന് ലഭിച്ചു.
രവീന്ദ്രനാഥിന്റെ പേഴ്സണല്‍ സ്റ്റാഫംഗം എന്‍ എസ് രാമകൃഷ്ണന്റെ മകള്‍ സംഗീതയുള്‍പ്പെടെയുള്ളവര്‍ക്കാണ് നിയമവിരുദ്ധമായി ബിടെക് പ്രാക്ടിക്കല്‍ പരീക്ഷ നടത്തിയത്. വിദ്യാര്‍ഥികളുടെ പേരില്‍ വ്യാജ ഒപ്പിട്ടായിരുന്നു പ്രാക്ടിക്കല്‍ പരീക്ഷ വീണ്ടും നടത്തണമെന്ന അപേക്ഷ നല്‍കിയത്. നേരത്തെ ഈ ആവശ്യം സര്‍വകലാശാല തള്ളിയിരുന്നു. രാമകൃഷ്ണന്‍ പിവിസിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ അംഗമായതോടെ നിയമവിരുദ്ധമായി പരീക്ഷ നടത്താനുള്ള നീക്കം സജീവമായി.വകുപ്പുമേധാവികളുടെയും പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്റെയും ശുപാര്‍ശ മറികടന്നായിരുന്നു വൈസ് ചാന്‍സലറുടെയും പ്രോ വൈസ് ചാന്‍സലറുടെയും ഒത്താശയോടെ പരീക്ഷ.
ഇതിനെതിരെ സര്‍വകലാശാലാ ഡെപ്യൂട്ടി രജിസ്ട്രാറായിരുന്ന വി സ്റ്റാലിന്‍ അഡ്വ. എം സി ആഷി മുഖേന തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കി. അഴിമതി നിരോധന നിയമത്തിലെയും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരം കുറ്റം ചെയ്തതായി പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതായി കോടതി നിരീക്ഷിച്ചു. തുടര്‍ന്ന് കോടതി നിര്‍ദേശപ്രകാരം മലപ്പുറം വിജിലന്‍സ് ഡിവൈഎസ്പി കേസില്‍ ക്വിക്ക് വെരിഫിക്കേഷന്‍ നടത്തി റിപ്പോര്‍ട്ടും നല്‍കി. ഇതില്‍ വിസിയെയും പിവിസിയെയും പ്രതിചേര്‍ത്ത് അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി നിര്‍ദേശിച്ചു. ചാന്‍സലറുടെ അനുമതിയില്ലാതെയുള്ള അന്വേഷണത്തിനെതിരെ വിസി ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി തള്ളി.
വിജിലന്‍സിന്റെ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ വിസി ഒന്നാം പ്രതിയും പിവിസി രണ്ടാം പ്രതിയുമാണ്. മൂന്നാം പ്രതി എന്‍ എസ് രാമകൃഷ്ണനും നാലാം പ്രതി മകള്‍ എന്‍ എസ് സംഗീതയുമാണ്. ഒന്ന് മുതല്‍ മൂന്നുവരെയുള്ള പ്രതികള്‍ ഔദ്യോഗിക പദവിദുരുപയോഗപ്പെടുത്തി നാലാം പ്രതിയെ സഹായിച്ചുവെന്നാണ് റിപ്പോര്‍ട്ട്.വിരമിക്കാന്‍ 27 ദിവസം ബാക്കിനില്‍ക്കെ എത്തിയ നിയമനടപടി ഡോ. അബ്ദുള്‍സലാമിന് കനത്ത തിരിച്ചടിയാകും. ആഗസ്ത് 11-നാണ് വിസിയുടെ കാലാവധി തീരുക. വിസിയുടെ ഇരട്ട വേതന കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതിനിടെയാണ് വിജിലന്‍സ് കേസ്. മുസ്ലിംലീഗിന്റെ നോമിനിയായാണ് ഡോ. എം അബ്ദുള്‍സലാം കലിക്കറ്റ് വിസിയാകുന്നത്.

പാഠപുസ്തകം നശിപ്പിക്കല്‍: 6 യൂത്ത് ലീഗുകാര്‍ക്കെതിരെ കേസ്


തിരൂര്‍ > ആലത്തിയൂര്‍ കൈനിക്കര എല്‍പി സ്കൂളില്‍ പാഠപുസ്തകങ്ങള്‍ നശിപ്പിക്കുകയും എസ്എഫ്ഐ - ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ മര്‍ദിക്കുകയുംചെയ്ത സംഭവത്തില്‍ ആറ് യൂത്ത് ലീഗ് - എംഎസ്എഫ് പ്രവര്‍ത്തകര്‍ക്കെതിരെ തിരൂര്‍ പൊലീസ് കേസെടുത്തു. കൈനിക്കര കളത്തില്‍പറമ്പില്‍ ആരിഫ്, കോട്ടത്തറ വലിയപറമ്പില്‍ ഷാഹുല്‍ ഹമീദ്, സഹോദരന്‍ താജു, കോട്ടത്തറ വലിയപറമ്പില്‍ ജുനൈദ്, കോട്ടത്തറ വലിയപറമ്പില്‍ ഹനീഫ, സഹോദരന്‍ കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്കെതിരെയാണ് തിരൂര്‍ പൊലീസ് കേസെടുത്തത്. എസ്എഫ്ഐ പ്രവര്‍ത്തകരെ അടിച്ചുപരിക്കേല്‍പ്പിച്ചു, പുസ്തകങ്ങള്‍ കീറി നാശനഷ്ടം വരുത്തി, അസഭ്യം പറഞ്ഞു തുടങ്ങിയവക്കാണ് കേസെടുത്തത്.

.മുഖ്യമന്ത്രി യഥാര്‍ത്ഥത്തില്‍ നോക്കുകൂലിയാണു കൈപ്പറ്റുന്നത്....

.മുഖ്യമന്ത്രി യഥാര്‍ത്ഥത്തില്‍ നോക്കുകൂലിയാണു കൈപ്പറ്റുന്നത്....



കേരളത്തിന്‍റെ  ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍  1 ലക്ഷത്തി 62,476 ഫയലുകള്‍ തീര്‍പ്പാക്കാതെ വര്‍ഷങളായി  കിടപ്പുണ്ട്...ഇത് കേട്ട്കേള്‍‌വിയുടെയോ ഭാവനയുടേയോ അടിസ്ഥാനത്തില്‍ പറയുന്ന കണക്കല്ല 2015 മാര്‍ച്ച് 17ന് നിയമസഭയില്‍ ടി യു കുരുവിളയുടെ ചോദ്യത്തിന്ന് മറുപടിയായി നമ്മുടെ സക്ഷാല്‍  മുഖ്യമന്ത്രി  ഉമ്മന്‍ ചാണ്ടി പറഞ്ഞതഅണു.....ഇത് സിക്രട്ടറിയേറ്റിലെ കണക്കു മാത്രമാണു....ജില്ലാ ആസ്ഥാനങളിലും  താലൂക്ക് ആസ്ഥാനങളിലും  വില്ലേജുകളിലും  കെട്ടിക്കിടക്കുന്ന  ഫയലുകള്‍ ഇതിലേറേയാണു....ഇത്രയും ഫയലുകളില്‍ അടയിരിക്കുന്ന മുഖ്യമന്ത്രിയാണു ജനസമ്പര്‍ക്കപരിപാടിയെന്ന കോമിക്ക് നടത്തി  ജനങളെ  പറ്റിക്കാന്‍  ഓടിനടന്നിരുന്നത്.....സ്വന്തം  ഭരണസിരാകേന്ദ്രത്തില്‍  കെട്ടിക്കിടക്കുന്ന ഫയലുകളില്‍  കാലാകാലമായി ഇദ്ദേഹം അടയിരുന്നിട്ടും  ഒന്നും സംഭവിച്ചിട്ടില്ല......സിക്രട്ടറിയേറ്റില്‍   കെട്ടികിടക്കുന്ന ഫയലുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തീര്‍പ്പാക്കുന്നതിനുളള മുഖ്യമന്ത്രിയുടെ 100 ദിന കര്‍മ്മ പദ്ധതിയും മിഷന്‍ 676 ഉമൊക്കെ  വെറും വാചക കസര്‍ത്തുകള്‍ മാത്രമായിരുന്നു.ജനങളെ പറ്റിക്കാനും മാധ്യമങളില്‍  നിറഞ്ഞ് നില്ല്ക്കാനും നടത്തുന്ന വെറും തരികിട നമ്പറുകള്‍ മാത്രം....സിക്രട്ടറിയേറ്റില്‍  കെട്ടിക്കിടക്കുന്നത്  ലക്ഷക്കണക്കിന്ന്  ജനങളുടെ  ജീവനും ജീവിതവുമാണു....ഇത് പരിഹരിക്കാത്തിടത്തോളം  വെറും വാചകമടിച്ച്  ശമ്പളം പറ്റുന്ന  ഒരു മുഖ്യമന്ത്രിയായി മാത്രമേ ഉമ്മന്‍ ചാണ്ടിയെ കാണാന്‍ കഴിയുകയുള്ളു.....മുഖ്യമന്ത്രി യഥാര്‍ത്ഥത്തില്‍ നോക്കുകൂലിയാണു കൈപ്പറ്റുന്നത്.....പത്താം ശമ്പള കമ്മീഷന്‍ റിപ്പോര്ട്ട് നടപ്പാക്കുമ്പോള്‍ 5227 കോടി രൂപയുടെ അധികബാധ്യതയാണ് സര്‍കാകരിനല്ല ജനങള്‍ക്ക്  ഉണ്ടാകുന്നത്. നോക്കുകൂലിവാങിക്കുന്ന മുഖ്യമന്ത്രിക്കും  ഉദ്വോഗസ്ഥന്മാര്‍ക്കും  ശമ്പളം കൊടുക്കാന്‍  ഈ നാടിന്ന് ബാധ്യതയില്ല
ജനങളുടെ  നികുതിപണം  നോക്കുകൂലിയായി വാങിക്കുന്ന മുഖ്യമന്ത്രിയും  അദ്ദേഹത്തിന്‍റെ കീഴില്‍ ഉണ്ടും ഉറങിയും  നോക്കുകൂലി  വാങിക്കുന്ന  സിക്രട്ടറിയേറ്റിലും മറ്റ്  കെട്ടിക്കിടക്കുന്ന ഫയലുകള്‍ക്ക്  തീര്‍പ്പുണ്ടാക്കി മാത്രം  മറ്റു കാര്യങള്‍ ചിന്തിച്ചാല്‍മതി....ജീവനക്കാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം സാധാരണക്കാര്‍ക്ക് ഇതിന്‍റെ ഗുണം കിട്ടുന്നുണ്ട് ഉറപ്പാക്കണം....

Sunday, July 12, 2015

പൊലീസ് സ്റ്റേഷനുകള്‍ കുരുതിക്കളം


തിരുവനന്തപുരം > യുഡിഎഫ് സര്‍ക്കാരിന്റെ പൊലീസ് ജനങ്ങളെ തല്ലിക്കൊല്ലുന്നു. ലോക്കപ്പില്‍ കെട്ടിത്തൂക്കുക, മൂന്നാംമുറയിലൂടെ മൃതപ്രായരാക്കി ആശുപത്രിയിലാക്കുക, വാഹനത്തില്‍പിന്തുടര്‍ന്ന് മരണത്തിലേക്ക് തള്ളിവിടുക, മൂത്രം കുടിപ്പിക്കുക...പൊലീസിന്റെ അപരിഷ്കൃതമായ ക്രൂരതയുടെ പട്ടിക നീളുകയാണ്. ഇതിന്റെ അവസാനത്തെ ഇരയാണ് ശനിയാഴ്ച ലോക്കപ്പ് മര്‍ദനംമൂലം മരിച്ച കോട്ടയം സ്വദേശി സിബി. പാഠപുസ്തകത്തിനുവേണ്ടി സമരംചെയ്യുന്ന വിദ്യാര്‍ഥികളുടെ തല തല്ലിപ്പൊളിക്കുന്ന പൊലീസിനെ ന്യായീകരിക്കുന്ന മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ലോക്കപ്പുമരണത്തെയും ന്യായീകരിക്കുകയാണ്.
യുഡിഎഫ് സര്‍ക്കാര്‍ ചുമതലയേറ്റശേഷം ലോക്കപ്പുമര്‍ദനത്തെ തുടര്‍ന്ന് മരിക്കുന്ന നാലാമത്തെയാളാണ് സിബി. പൊന്നാനിയില്‍ രണ്ടുപേരാണ് മരിച്ചത്. ഈഴുവത്തിരുത്തി ഗവ. ഐടിഐക്കു സമീപം കുംഭാരകോളനിയിലെ പരേതനായ നാരായണന്റെ മകന്‍ ഇളയാട്ടുപറമ്പില്‍ ഗോപാലനാണ് ഒരാള്‍. ഇതിന് തൊട്ടുപിന്നാലെ ചങ്ങരംകുളം പൊലീസ് കസ്റ്റഡിയിലെടുത്ത എടപ്പാള്‍ മാണൂര്‍ ചേകന്നൂര്‍ ഹനീഷയെ തൂങ്ങിമരിച്ചനിലയില്‍ കാണപ്പെട്ടു. തിരുവനന്തപുരം കന്റോണ്‍മെന്റ് സ്റ്റേഷനില്‍ മര്‍ദനമേറ്റ രാജാജി നഗര്‍ സ്വദേശി സുജിത് എന്ന ജിത്തു ആത്മഹത്യചെയ്തത് അടുത്തിടെയാണ്. ജനമൈത്രി പൊലീസിന്റെ മാനസികപീഡനത്തില്‍ മനംനൊന്താണ് തൊളിക്കോട് ചെറ്റച്ചല്‍ ഇടമുക്ക് മുപ്രയില്‍ തടത്തരികത്തു വീട്ടില്‍ സുലൈമാന്റെ മകന്‍ അന്‍സാരി ജീവനൊടുക്കിയത്. വീടുവളഞ്ഞ് പൊലീസ് പിടിച്ചുകൊണ്ടുപോയ മനോവിഷമത്തില്‍ ഗൃഹനാഥന്‍ കുടുംബത്തോടൊപ്പം ആത്മഹത്യ ചെയ്തതും തലസ്ഥാനത്താണ്.
കഴക്കൂട്ടം ആറ്റുംകുഴി ദേവി ഗാര്‍ഡന്‍സ് ആര്‍ബി ഹൗസില്‍ രാധാകൃഷ്ണന്‍ (53),ഭഭാര്യ ബീനാകുമാരി (44), മകള്‍ നീതു (16) എന്നിവരാണ് പൊലീസ് ക്രൂരതയുടെ ഇരയായി വീടിനുള്ളില്‍ തൂങ്ങിമരിച്ചത്.പൊലീസ് മര്‍ദനത്തില്‍ മരണതുല്യമായി കിടപ്പിലായവര്‍ നിരവധി. കഠിനംകുളം പുതുവല്ലിലെ അജീഷിനെ ക്രൂരമായി മര്‍ദിച്ച പൊലീസ് കാന്താരിമുളക് അരച്ച് ജനനേന്ദ്രിയത്തിലും മലദ്വാരത്തിലും തേച്ചു. വനിതാ സെല്ലില്‍ പരാതി നല്‍കിയ ദളിത് യുവതി കുന്നിക്കോട് തേക്കിന്‍മുകള്‍ ശ്രീകൃഷ്ണവിലാസത്തില്‍ സുരേഷിന്റെ ഭാര്യ സുമയെ കൊട്ടാരക്കര വനിതാ സെല്ലിലെ പൊലീസുകാരി മുടി മുറിച്ചതും വിവാദമായിരുന്നു. വടകര മൂരാട് ദേശീയപാതാ സ്ഥലമേറ്റെടുക്കലിനെതിരെ പ്രതിഷേധിച്ച വിമുക്തഭടന്‍ കൊയിലാണ്ടി പന്തലായനി പ്രതീക്ഷയില്‍ നാരായണന്‍നായരുടെ ജനനേന്ദ്രിയം പൊലീസ് അടിച്ചുതകര്‍ത്തു. കൊച്ചിയില്‍ വീട്ടുജോലിക്കാരിയായ ചേരാനല്ലൂര്‍ കപ്പേളയ്ക്കു സമീപം തുണ്ടിപ്പറമ്പില്‍ രതീഷിന്റെ ഭാര്യ ലീബ ചേരാനല്ലൂര്‍ സ്റ്റേഷനില്‍ അനുഭവിക്കേണ്ടിവന്നത് കൊടുംക്രിമിനലുകളോടു പോലും ചെയ്യാന്‍ പാടില്ലാത്ത ക്രൂരതയാണ്. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ ഇവര്‍ ഇപ്പോഴും ചികിത്സയിലാണ്.
ഹെല്‍മെറ്റില്ലാതെ ബൈക്കോടിച്ച പൊലീസുകാരന്റെ ഫോട്ടോ എടുത്തതിന് കസ്റ്റഡിയിലെടുത്ത പൊന്നാനി പെരുമുക്ക് സ്വദേശി കിഴക്കേവളപ്പില്‍ ഷഹനാസ് എന്ന ഷാനവാസ് ചങ്ങരംകുളം പൊലീസ് ലോക്കപ്പില്‍ ക്രൂരമര്‍ദനത്തിനിരയായത് അടുത്തിടെയാണ്. പൊലീസുകാരിയുടെ ഭര്‍ത്താവില്‍നിന്ന് പാര്‍ക്കിങ് ഫീസ് ഈടാക്കിയ പതിനേഴുകാരന്‍ ആലപ്പുഴ കുതിരപ്പന്തി പുഴിക്കടവില്‍ ബാലചന്ദ്രന്റെ മകന്‍ അരുണ്‍കുമാറിനെ ആലപ്പുഴ സൗത്ത് സ്റ്റേഷനില്‍ തല്ലിച്ചതച്ചതും സമാനതകളില്ലാത്ത രീതിയിലാണ്. നെയ്യാറ്റിന്‍കര പെരുമ്പഴുതൂര്‍ ലക്ഷംവീട് അയണിയറത്തല വീട്ടില്‍ ബൈജുവിന്റെ മകന്‍ വൈശാഖിനെ ലോക്കപ്പിലിട്ട് മര്‍ദിച്ചു. കോഴഞ്ചേരിയില്‍, നിയമസഭയില്‍ ജമീല പ്രകാശം എംഎല്‍എയെ അപമാനിച്ച ശിവദാസന്‍നായര്‍ക്കെതിരെ പ്രതിഷേധിച്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ടൈറ്റസിനെ ആറന്മുള പൊലീസ് മൂന്നാംമുറയ്ക്ക് ഇരയാക്കി.
തല്ലിക്കെടുത്തിയത് നിര്‍ധനകുടുംബത്തിന്റെ വിളക്ക്
മരങ്ങാട്ടുപിള്ളി> കാക്കിക്കുള്ളിലെ കാപാലികത ലോക്കപ്പില്‍ ഫണംവിടര്‍ത്തി ആടിയപ്പോള്‍ അണഞ്ഞത് നിര്‍ധനകുടുംബത്തിന്റെ ആശ്രയവിളക്ക്. നീതി നടപ്പാക്കേണ്ട നിയമപാലകരില്‍ നിന്ന് നിയമലംഘനങ്ങളുടെ പരമ്പരയാണ് ജനമൈത്രി പൊലീസ് സ്റ്റേഷനെന്ന് ബോര്‍ഡുവെച്ച മരങ്ങാട്ടുപിള്ളി സ്റ്റേഷനില്‍ സിബി ഒരുരാത്രി മുഴുവന്‍ ഏറ്റുവാങ്ങിയത്.ജൂണ്‍ 29ന് രാത്രി ഏഴുമണിയോടെയായിരുന്നു തുടക്കം. ജീപ്പില്‍ പട്രോളിങ്ങിന് ഇറങ്ങിയ എസ്ഐ ജോര്‍ജ്കുട്ടിയുടെ കണ്ണില്‍ മരങ്ങാട്ടുപിള്ളി പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ പരിസരത്ത് സിബി പെട്ടു. നാലുപൊലീസുകാരോടൊപ്പമായിരുന്നു എസ്ഐ വന്നത്. ഇരയെ കണ്ട വന്യമൃഗത്തേപ്പോലെയായിരുന്നു പിന്നീട് പൊലീസിന്റെ പെരുമാറ്റമെന്നായിരുന്നു പൊലീസ് കംപ്ലയിന്റ് അതോറിട്ടി ചെയര്‍മാന്‍ ജസ്റ്റീസ് നാരായണക്കുറുപ്പിന് ദൃക്സാക്ഷികള്‍ നല്‍കിയ മൊഴി.
മരങ്ങാട്ടുപിള്ളിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഇലയ്ക്കാട് കാരിക്കുട്ടത്തില്‍ സോമന്റെ വാക്കുകളിങ്ങനെ: പൊലീസ് വിവസ്ത്രനാക്കി അടിവയറ്റില്‍ തൊഴിച്ചപ്പോള്‍ നിലത്തുവീണുപിടഞ്ഞ സിബിക്കുമേല്‍ എല്ലാപൊലീസുകാരും താണ്ഡവമാടി. ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സ്ത്രീകള്‍ മര്‍ദ്ദനംകണ്ട്ഭഭയന്ന് നിലവിളിച്ച് ഓടിയൊളിച്ചു. ആ സംഭവം സോമന്റെ കണ്‍മുന്നില്‍ ഇപ്പോഴുമുണ്ട്. അവശനായ സിബിയെ ജീപ്പിലേക്ക് എടുത്ത് എറിയുകയായിരുന്നു. പൊലീസ്ബൂട്ടിന് നാഭിക്ക് തൊഴിയേറ്റ സിബി ജീപ്പില്‍തന്നെ മലമൂത്രവിസര്‍ജ്ജനം ചെയ്തുപോയി. ജീവച്ഛവമായ യുവാവിനെ സ്റ്റേഷനുപിന്നിലെ മുറ്റത്ത് തോരാതെപെയ്ത മഴയത്തേക്ക് വലിച്ചെറിഞ്ഞശേഷമാണ് കാക്കിക്കുള്ളിലെ കലിയടങ്ങിയത്. ജീപ്പിലെ വിസര്‍ജ്യം കഴുകിവൃത്തിയാക്കി തിരിച്ചെത്തിയ പൊലീസ് ഡ്രൈവര്‍ മൃതപ്രായനായ സിബിക്കുമേല്‍ മര്‍ദ്ദനം തുടര്‍ന്നു. മകനെ തേടിയെത്തിയ മാതാപിതാക്കള്‍ക്കു നേരെയും അസഭ്യം ചൊരിഞ്ഞു.
""എന്തിനാടോ ഇങ്ങനെ മക്കളെ ജനിപ്പിച്ച് വളര്‍ത്തുന്നത്'' എന്നായിരുന്നു ഒരു പൊലീസുകാരന്റെ ചോദ്യം. മകനെ മഴയത്തുനിന്നു മാറ്റിക്കിടത്താന്‍ ഇവര്‍ കേണപേക്ഷിച്ചപ്പോള്‍ രണ്ടുപൊലീസുകാര്‍ അവശനായിക്കിടന്ന സിബിയെ എണീപ്പിക്കാന്‍ ശ്രമിച്ചു. ""അവശനായി കിടക്കുന്ന ഇവനെ എഴുന്നേല്‍പ്പിക്കാനുള്ള വിദ്യഅറിയമെന്നു'' പറഞ്ഞ് സിബിയുടെ ഇരുകൈകളും ഉയര്‍ത്തി വാരിയെല്ലുകള്‍ക്കിടയിലൂടെ ലാത്തി ഉപയോഗിച്ച് കുത്തിയെണീല്‍പ്പിക്കാന്‍ ശ്രമിച്ചു. ഇതുവിജയിക്കാതെ വന്നതോടെയാണ് വലിച്ചിഴച്ച് സെല്ലിനുമുമ്പില്‍ കൊണ്ടിട്ടത്. മലമൂത്രവിസര്‍ജ്ജനം ചെയ്തുകിടന്ന സിബിയുടെ ഉടുമുണ്ടുരിഞ്ഞ് തോര്‍ത്തി വൃത്തിയാക്കിയപ്പോള്‍ ഉണര്‍ന്ന സിബി തന്നെ പൊലീസ് മര്‍ദ്ദിച്ചത് മാതാപിതാക്കളോട് പറഞ്ഞിരുന്നു. സെല്ലിന്റെ ഗ്രില്ലില്‍ പിടിച്ചെണീറ്റുനിന്ന സിബി വീണ്ടും അറിയാതെ മലമൂത്രവിര്‍ജനം ചെയ്തതോടെ വൃദ്ധമാതാപിതാക്കളെക്കൊണ്ട് ഇത് കോരിമാറ്റി കഴുകി വൃത്തിയാക്കിച്ചു. സിബിയെ വിട്ടുകിട്ടാതെ മാതാപിതാക്കള്‍ പോയ ശേഷവും പൊലീസ് മര്‍ദ്ദനം തുടര്‍ന്നു  by റഷീദ് ആനപ്പുറം 

അട്ടിമറിയുടെ ചുരുള്‍ നിവരുന്നു


അട്ടിമറിയുടെ ചുരുള്‍ നിവരുന്നു
തിരുവനന്തപുരം > ബാറുടമകള്‍ക്കുവേണ്ടി അറ്റോര്‍ണി ജനറല്‍ സുപ്രീംകോടതിയില്‍ ഹാജരായതോടെ ബാര്‍ കോഴക്കേസ് അട്ടിമറിക്കാന്‍ നടത്തിയ ഗൂഢാലോചനയുടെ ചുരുളഴിയുന്നു. ഹൈക്കോടതി സര്‍ക്കാരിന്റെ മദ്യനയം അംഗീകരിച്ചെങ്കിലും സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയാല്‍ കേസില്‍ തോറ്റുകൊടുക്കാമെന്ന് സര്‍ക്കാര്‍ ബാറുടമകള്‍ക്ക് ഉറപ്പുനല്‍കിയതായി ആരോപണമുണ്ടായിരുന്നു. ഏറ്റവും ഉന്നതരായ അഭിഭാഷകരെ ഹാജരാക്കി അതിന്റെ മറവില്‍ കേസ് തോറ്റുകൊടുക്കാനാണ് സര്‍ക്കാരിന്റെ ഗൂഢനീക്കം. ഇതിനു പ്രത്യുപകാരമായാണ് ബാര്‍ കോഴക്കേസില്‍ മാണിക്ക് അനുകൂലമായി ബാറുടമകള്‍ മൊഴി നല്‍കിയത്.
സുപ്രീംകോടതി വിധി തങ്ങള്‍ക്കെതിരായാല്‍ മാണിയടക്കമുള്ള മന്ത്രിമാര്‍ക്ക് കോഴ നല്‍കിയതിന്റെ എല്ലാ തെളിവുകളും പുറത്തുവിടുമെന്ന് ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്‍ വെളിപ്പെടുത്തിയിരുന്നു. മാണി കോഴ ചോദിക്കുന്നതിന്റെ ശബ്ദരേഖ തന്റെ കൈവശമുണ്ടെന്നും സുപ്രീംകോടതി വിധി എതിരായാല്‍ അവ പുറത്തുവിടുമെന്നും ബാര്‍ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം ഡി ധനേഷും വെളിപ്പെടുത്തിയിരുന്നു. അറ്റോര്‍ണി ജനറലില്‍നിന്ന് കോഴക്കേസില്‍ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം പോള്‍ നിയമോപദേശം തേടിയതും ചോദ്യംചെയ്യപ്പെടുകയാണ്.
അറ്റോര്‍ണി ജനറലില്‍നിന്ന് നിയമോപദേശം ആവശ്യപ്പെട്ട് രണ്ടുതവണയാണ് വിജിലന്‍സ് ഡയറക്ടര്‍ കത്തെഴുതിയത്. എന്നാല്‍, തിരക്കുകാരണം അദ്ദേഹത്തിന് വിജിലന്‍സ് ആവശ്യപ്പെട്ട സമയത്ത് നിയമോപദേശം നല്‍കാനായില്ല. ഇതോടെ അഡീഷണണല്‍ സോളിസിറ്റര്‍ ജനറലായിരുന്ന എല്‍ നാഗേശ്വരറാവുവില്‍നിന്ന് നിയമോപദേശം തേടി മാണിയെ രക്ഷിച്ചു. വിജിലന്‍സ് ഡയറക്ടര്‍ സമീപിച്ച രണ്ട് മുതിര്‍ന്ന അഭിഭാഷകരും ബാറുടമകളുടെ അഭിഭാഷകരാണെന്നത് യാദൃച്ഛികമല്ല. മദ്യലോബിയും സര്‍ക്കാരും അടങ്ങിയ ഒരുലോബിയാണ് ഇതിനു പിന്നില്‍.
ബാറുടമകള്‍ക്കുവേണ്ടി മുമ്പും റോഹ്തഗി ഹാജരായിട്ടുണ്ടെങ്കിലും അറ്റോര്‍ണി ജനറലായി അധികാരമേറ്റശേഷം ഇതാദ്യമായാണ് കേസില്‍ ഹാജരാകുന്നത്. ബാര്‍ കോഴ കേസന്വേഷണം വിജിലന്‍സ് ആരംഭിച്ചതോടെ മാണിയെ രക്ഷിക്കാന്‍ ഒരു പ്രമുഖ യുഡിഎഫ് നേതാവ് ഇടനിലക്കാരനായി ബാറുടമകളുമായി ഒത്തുതീര്‍പ്പുണ്ടാക്കിയിരുന്നു. ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസില്‍ ബാറുടമകള്‍ക്ക് അനുകൂലമായി നിലപാട് സ്വീകരിക്കാമെന്നും അതുവരെ പൂട്ടിയ ബാറുകള്‍ക്ക് ബിയര്‍-വൈന്‍ പാര്‍ലറുകള്‍ അനുവദിക്കാമെന്നുമായിരുന്നു കരാര്‍. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിച്ച മദ്യനയം പൊളിച്ചടക്കി ബാറുകള്‍ക്ക് ബിയര്‍-വൈന്‍ പാര്‍ലര്‍ ലൈസന്‍സ് നല്‍കാന്‍ അബ്കാരി ചട്ടം ഭേദഗതി ചെയ്തു. എന്നാല്‍, ഹൈക്കോടതിയിലെ കേസില്‍ സര്‍ക്കാരിന് വാക്ക് പാലിക്കാനായില്ല. കോണ്‍ഗ്രസ് എംഎല്‍എ ടി എന്‍ പ്രതാപനടക്കം ചിലര്‍ കേസില്‍ കക്ഷി ചേരുകയും മാധ്യമശ്രദ്ധ സജീവമായതിനാലുമാണിത്. ഇതോടെ ബാറുടമകള്‍ ആഗ്രഹിച്ച വിധി ഹൈക്കോടതിയില്‍നിന്ന് ലഭിച്ചില്ല. സുപ്രീംകോടതിയില്‍ സഹായിക്കാമെന്ന് ഉറപ്പുനല്‍കി. സര്‍ക്കാര്‍വാദം ദുര്‍ബലമാക്കുന്നതിനായി പ്രശസ്തരായ അഭിഭാഷകരെ വയ്ക്കാന്‍ തീരുമാനിച്ചതും ഈ ഗൂഢാലോചനയുടെ ഭാഗമാണ്.

കസ്റ്റഡി കൊലപാതകം; മരങ്ങാട്ടുപള്ളിയില്‍ സംഘര്‍ഷം


കസ്റ്റഡി കൊലപാതകം; മരങ്ങാട്ടുപള്ളിയില്‍ സംഘര്‍ഷം
കോട്ടയം > കോട്ടയത്ത് പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് യുവാവ് കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് യുവാവിന്റെ സ്വദേശമായ മരങ്ങാട്ടുപള്ളിയില്‍ സംഘര്‍ഷം. നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. സംഘര്‍ഷത്തിനിടെ കല്ലേറുണ്ടായി. പൊലീസ് വാനിന്റെ ടയര്‍ പ്രതിഷേധക്കാര്‍ നശിപ്പിച്ചു. പ്രദേശത്ത് വന്‍ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുകയാണ്.
അതേസമയം, സിബിയുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണ്. പോസ്റ്റുമോര്‍ട്ടം ദൃശ്യങ്ങള്‍ സീല്‍ ചെയ്ത് ആര്‍ഡിഒയെ ഏല്‍പിക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. അല്ലാതെ മൃതദേഹം സംസ്ക്കരിക്കില്ലെന്നാണ് ബന്ധുക്കളുടെ നിലപാട്.നാളെ കോട്ടയം ജില്ലയില്‍ എല്‍ഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

യുവാവിനെ പൊലീസ് തല്ലിക്കൊന്നു


യുവാവിനെ തല്ലിക്കൊന്നു
മരങ്ങാട്ടുപിള്ളി(കോട്ടയം) > ലോക്കപ്പിലും പുറത്തും പൊലീസിന്റെ ക്രൂരമര്‍ദ്ദനത്തിനിരയായി 11ദിവസം അബോധാവസ്ഥയില്‍ കഴിഞ്ഞ യുവാവ് മരിച്ചു. പൊലീസിന്റെ മൂന്നാംമുറയില്‍ ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മരങ്ങാട്ടുപിള്ളി പാറയ്ക്കല്‍ പി വി സിബി(40)യാണ് ദാരുണമായി കൊല്ലപ്പെട്ടത്. മരങ്ങാട്ടുപിള്ളി പാറയ്ക്കല്‍ വിശ്വംഭരന്‍-ലീല ദമ്പതികളുടെ ഏകമകനാണ് സിബി.
പൊതുസ്ഥലത്ത് മദ്യപിച്ചെന്ന കാരണം പറഞ്ഞ് ജൂണ്‍ 29നാണ് മരങ്ങാട്ടുപിള്ളി എസ്ഐ കെ എ ജോര്‍ജ്ജുകുട്ടിയുടെ നേതൃത്വത്തില്‍ സിബിയെ കസ്റ്റഡിയിലെടുത്തത്. പിറ്റേദിവസം ബോധമില്ലാതെ ആശുപത്രിയിലെത്തിച്ച സിബിയെ വെന്റിലേറ്ററിലേക്ക് മാറ്റി. വെന്റിലേറ്ററിന്റെ സഹായത്തോടെ 11 ദിവസം ജീവന്‍ നിലനിര്‍ത്തിയെങ്കിലും ശനിയാഴ്ച പകല്‍1.30ന് സിബി മരണത്തിന് കീഴടങ്ങി.
പട്ടികജാതി വിഭാഗത്തില്‍പെട്ട സിബിയെ കസ്റ്റഡിയിലെടുത്തപ്പോള്‍ തുടങ്ങിയ മര്‍ദ്ദനം ലോക്കപ്പിലും തുടര്‍ന്നു. അടിയുടെ ആഘാതത്തില്‍ സിബി ബോധരഹിതനായി. ലോക്കപ്പില്‍ വച്ചുതന്നെ തലച്ചോറില്‍ രക്തസ്രാവമുണ്ടായെന്ന് പിന്നീട് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. മൃതദേഹം തിടുക്കത്തില്‍ ഇന്‍ക്വസ്റ്റ് നടത്താനുള്ള മരങ്ങാട്ടുപിള്ളി പൊലീസിന്റെ തിടുക്കത്തിലുള്ള ശ്രമം ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞു. എറണാകുളം റേഞ്ച് ഐജി എം ആര്‍ അജിത്കുമാറിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച ഇന്‍ക്വസ്റ്റ് തയാറാക്കി പ്രത്യേക മെഡിക്കല്‍ ടീമിന്റെ നേതൃത്വത്തിലായിരിക്കും പോസ്റ്റ്മോര്‍ട്ടം. തിങ്കളാഴ്ച വൈകിട്ടാണ് സംസ്കാരം. സിബി കോട്ടയം ജില്ലാ ഹെഡ്ലോഡ് ആന്റ് ജനറല്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍(സിഐടിയു) അംഗവും തടിലോഡിങ് തൊഴിലാളിയുമാണ്. ഭാര്യ: പ്രിയ. മക്കള്‍: വിഷ്ണു, വിശാഖ്, വിസ്മയ് (മൂവരും വിദ്യാര്‍ഥികള്‍).
ലോക്കപ്പ് മര്‍ദ്ദനത്തിനെതിരെ സിപിഐ എം നേതൃത്വത്തില്‍ വന്‍പ്രതിഷേധം ഉയര്‍ത്തിയതിനെ തുടര്‍ന്ന് എറണാകുളം റേഞ്ച് ഐജി വെള്ളിയാഴ്ച വൈകിട്ട് എസ്ഐ ജോര്‍ജ്ജുകുട്ടിയെ സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍, എസ്ഐ ക്കെതിരെ കേസെടുത്തിട്ടില്ല. സര്‍ക്കാര്‍ അനുകൂലസംഘടനയായ കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കൂടിയാണ് ജോര്‍ജ്കുട്ടി. ലോക്കപ്പ് മര്‍ദ്ദനമല്ലെന്ന വാദമാണ് ആഭ്യന്തരവകുപ്പ് ഉയര്‍ത്തുന്നത്. സമീപവാസിയായ പതിനാറുകാരനുമായുണ്ടായ വാക്കുതര്‍ക്കത്തിനിടെയാണ് സിബിക്ക് പരിക്കേറ്റതെന്നാണ് പൊലീസ് വാദം. ഈ വാദമുന്നയിച്ച് കുറ്റക്കാരായ പൊലീസുകാരെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമം. പതിനാറുകാരനെതിരെ ശനിയാഴ്ച പൊലീസ് കേസെടുത്തിട്ടുണ്ട്. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശകമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും അറിയിച്ചു.
അച്ഛനമ്മമാരെക്കൊണ്ട് പൊലീസ് വിസര്‍ജ്യം കോരിച്ചു
കോട്ടയം > മകനെ പൊലീസ് പിടിച്ചുകൊണ്ടു പോയതറിഞ്ഞ് സ്റ്റേഷനിലെത്തിയ വൃദ്ധരായ അഛനമ്മമാരെ കൊണ്ട് മരങ്ങാട്ടുപിള്ളി സ്റ്റേഷനിലെ പൊലീസുകാര്‍ വിസര്‍ജ്യം കോരിച്ചു. സിബിയെ മരങ്ങാട്ടുപിള്ളി ഗവണ്‍മെന്റ് ആശുപത്രിക്കു സമീപത്തുനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തതറിഞ്ഞ് വിശ്വംഭരനും ലീലയും രാത്രി എട്ടോടെ സ്റ്റേഷനിലെത്തി. മകനെ അന്വേഷിച്ചപ്പോള്‍ ഒരു എഎസ്ഐ ഇവരെ സ്റ്റേഷന്റെ പിന്നിലേക്ക് കൊണ്ടുപോയി. അവിടെ മഴയത്ത് നഗ്നനായി സിബി കിടക്കുകയായിരുന്നു. ഇതുകണ്ട് ഇവര്‍ നിലവിളിച്ചപ്പോള്‍ രണ്ടു പൊലീസുകാര്‍ സിബിയെ വലിച്ചിഴച്ച് സ്റ്റേഷനുള്ളിലേക്ക് കൊണ്ടുവന്നിട്ടു.
പൊലീസ്മര്‍ദ്ദനത്തിനിടെ സിബി സ്റ്റേഷനുള്ളില്‍ മലമൂത്രവിസര്‍ജ്ജനം നടത്തിയിരുന്നു. ഇത് കോരിമാറ്റണമെന്ന് പൊലീസുകാര്‍ ഭീഷണിപ്പെടുത്തിയപ്പോള്‍ ഭയത്തോടെ മാതാപിതാക്കള്‍ കഴുകി വൃത്തിയാക്കി. പുലര്‍ച്ചെ 12.30 വരെ എസ്ഐ ജോര്‍ജുകുട്ടിയോട് ഇവര്‍ കേണപേക്ഷിച്ചിട്ടും സിബിയെ വിട്ടയച്ചില്ല. അതോടെ രാത്രി വൈകി ഇവര്‍ വീട്ടിലേക്ക് മടങ്ങി. സിബിയെ വൈദ്യപരിശോധന നടത്താനും പൊലീസ് കൂട്ടാക്കിയില്ല. ചൊവ്വാഴ്ച രാവിലെ എട്ടോടെ സിബിക്ക് സുഖമില്ലെന്നും ആശുപത്രിയിലെത്തിക്കണമെന്നും ആവശ്യപ്പെട്ട് പൊലീസ് തന്നെ വീട്ടുകാരെ സമീപിച്ചു. സിബിയുടെ സഹപ്രവര്‍ത്തകര്‍ സ്റ്റേഷനിലെത്തിയപ്പോള്‍ പൊലീസ് ജീപ്പിന് പിന്നില്‍ സിബി അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു. ഇവരും പൊലീസും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. ഇവിടെ അടിയന്തരശസ്ത്രക്രിയയക്കു വിധേയനാക്കി. പൊലീസ് ലോക്കപ്പിലേറ്റ ക്രൂരമര്‍ദ്ദനമാണ് മകന്റെ ജീവന്‍ അപകടത്തിലാക്കിയതെന്നു കാണിച്ച് അന്നുതന്നെ മാതാപിതാക്കള്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു.
കോട്ടയം ജില്ലയില്‍നാളെ ഹര്‍ത്താല്‍ കോട്ടയം > ലോക്കപ്പില്‍ യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് നേതൃത്വത്തില്‍ തിങ്കളാഴ്ച കോട്ടയം ജില്ലയില്‍ ഹര്‍ത്താലാചരിക്കും. രാവിലെ ആറ്മുതല്‍ വൈകിട്ട് ആറ്വരെയാണ് ഹര്‍ത്താല്‍. ആശുപത്രി, പത്രം, പാല്‍, വിവാഹം, മരണം എന്നിവയെ ഒഴിവാക്കി. ഹര്‍ത്താല്‍ വന്‍ വിജയമാക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ വാര്‍ത്താസമ്മേളനത്തില്‍ അഭ്യര്‍ഥിച്ചു.