Thursday, January 14, 2010

സക്കറിയ കള്ളം പറയുന്നു.(കണുക ഈ വീഡിയോ)

സക്കറിയ കള്ളം പറയുന്നു.(കണുക ഈ വീഡിയോ )

"പറയാത്തതിനെച്ചൊല്ലി എന്നെ പ്രതിക്കൂട്ടിലാക്കി " -സക്കറിയ

http://www.youtube.com/watch?v=PketGhTMziQ

തിങ്കളാഴ്‌ച നടന്ന ഡി.വൈ.എഫ്‌.ഐ. യോഗത്തിലെ പ്രസംഗത്തില്‍ പിണറായി വിജയന്‍ എന്നെപ്പറ്റി നടത്തിയ പരാമര്‍ശങ്ങള്‍ അവ അര്‍ഹിക്കുന്ന ഗൗരവത്തോടെ ഞാന്‍ കാണുന്നു. അതുകൊണ്ടുതന്നെ അദ്ദേഹമുയര്‍ത്തിയ ചില പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്‌ എന്നു തോന്നുന്നു.
ഒന്ന്‌: പയ്യന്നൂരില്‍ ഡി.വൈ.എഫ്‌.ഐ. എന്നെ ആക്രമിച്ച സംഭവത്തില്‍ എന്നെ പ്രതിക്കൂട്ടിലാക്കാനായി അദ്ദേഹം ഉന്നയിച്ച ന്യായങ്ങള്‍
രണ്ട്‌: പൗരസ്വാതന്ത്ര്യം സംബന്ധിച്ച്‌ അദ്ദേഹം ഉന്നയിച്ച വാദമുഖങ്ങള്‍.
പയ്യന്നൂരില്‍ ഞാന്‍ പ്രസംഗിച്ചതെന്ത്‌ എന്നതിനെപ്പറ്റി ഗെബ്ബല്‍സിയന്‍ തന്ത്രകൂര്‍മ്മത പ്രയോഗിച്ചുകൊണ്ടുള്ള ഒരു കെട്ടുകഥ പ്രചാരണം 'ദേശാഭിമാനി' തുറന്നുവിട്ടതിന്റെ ചുവടുപിടിച്ചാണു വിജയന്‍ പ്രസംഗിച്ചത്‌ എന്നു തോന്നുന്നു.
കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടിയിലെ യുഗപുരുഷന്മാരുടെമേല്‍ ഞാന്‍ ലൈംഗിക അരാജകത്വം ആരോപിച്ചുവെന്നും അതിന്റെ പേരിലാണ്‌ ആദ്യം വേദിയില്‍വച്ച്‌ ഒരു സഖാവ്‌ എന്നെ ഭീഷണിപ്പെടുത്തിയതും പിന്നീട്‌ ഡി.വൈ.എഫ്‌.ഐക്കാര്‍, വിജയന്റെ ഭാഷയില്‍ നാട്ടുകാര്‍ എന്നെ ആക്രമിച്ചതും എന്നാണു വിജയന്‍ സമര്‍ഥിച്ചത്‌. ഇതു പൂര്‍ണമായും അവാസ്‌തവമാണ്‌.
ആദ്യകാല കമ്യൂണിസ്‌റ്റുകളില്‍ ഞാന്‍ 'ആരോപിച്ചത്‌' ആധുനികതയും പുരോഗമന-നവോത്ഥാന ചിന്തയുമാണ്‌. അവര്‍ക്കു സങ്കുചിതമല്ലാത്തതും മാനവികവുമായ ഒരു വീക്ഷണകോണില്‍നിന്നു സാമൂഹിക സാമ്പത്തിക-സാംസ്‌കാരിക വ്യവസ്‌ഥകളെയും സ്‌ത്രീപുരുഷബന്ധത്തെയും കാണാന്‍ കഴിഞ്ഞു. തങ്ങളുടെ ജീവിതങ്ങളില്‍ അതു ധീരമായി പകര്‍ത്താന്‍ കഴിഞ്ഞു. ജീവന്റെതന്നെ ലൈംഗികാധിഷ്‌ഠിതത്വത്തെ അവന്‍ ഒരു അനാശാസ്യമായി കണ്ടില്ല.
എന്നാല്‍ ഏഴോളം ദശകങ്ങള്‍ക്കുശേഷം സി.പി.എമ്മിന്റെ യുവജനസംഘടന പ്രാകൃതമായ ഒരു സങ്കുചിതത്വത്തിലേക്കു മടങ്ങുന്നത്‌ ആപത്‌കരമാണ്‌ എന്നാണു ഞാന്‍ പറഞ്ഞത്‌. ഇതിനെയാണു വിജയന്‍ യുഗപുരുഷന്മാരെ അപമാനിച്ചതായി ചിത്രീകരിച്ചത്‌.
മാത്രമല്ല, എന്നെ ഭീഷണിപ്പെടുത്തിയ പു.ക.സ. സഖാവ്‌ അതിനു കൃത്യമായി പറഞ്ഞ കാരണം, ഞാന്‍ രാജ്‌മോഹന്‍ ഉണ്ണിത്താനെ ന്യായീകരിച്ചു എന്നതാണ്‌. എന്നെ ആക്രമിച്ച ഡി.വൈ.എഫ്‌.ഐ. സഹോദരങ്ങളാവട്ടെ എന്നോട്‌ അട്ടഹസിച്ചത്‌ 'പയ്യന്നൂരില്‍ വച്ച്‌ ഡി.വൈ.എഫ്‌.ഐയെ അധിക്ഷേപിച്ച നീ ജീവനോടെ പോവില്ല' എന്നാണ്‌.
ഇരുകൂട്ടരും യുഗപുരുഷന്മാരെപ്പറ്റി ഒരക്ഷരവും മിണ്ടിയില്ല. ഞാന്‍ പറഞ്ഞതെന്തെന്ന്‌ അവര്‍ക്കുപോലും മനസിലായിട്ടുണ്ടാകും. പിണറായി വിജയന്‍ മുന്നോട്ടുവച്ച മറ്റൊരാശയം പ്രസംഗകര്‍ സാഹചര്യം നോക്കി പ്രസംഗിക്കണം എന്നതാണ്‌. അതായതു കേള്‍വിക്കാര്‍ക്ക്‌ ഇഷ്‌ടമുളളതേ പറയാവൂ. അല്ലെങ്കില്‍ അവര്‍ 'വികാര പ്രകടനം' നടത്തിയാല്‍ അതില്‍ അത്ഭുതമൊന്നുമില്ല.
വിജയനെപ്പോലെ തഴക്കം സിദ്ധിച്ച ഒരു രാഷ്‌ട്രീയ നേതാവില്‍നിന്നു വന്ന ഈ വാക്കുകള്‍ കേരള സമൂഹത്തിന്റെയാകമാനം അഭിപ്രായ സ്വാതന്ത്ര്യത്തിന്‌ ഒരു വന്‍ ഭീഷണിയായി മാറുകയാണ്‌. വേദിയില്‍നിന്ന്‌ അനിഷ്‌ടമായതു പറയരുത്‌ എന്ന വിലക്ക്‌ നാളെ വഴിയോരത്തുനിന്നും എന്നായി മാറാന്‍ എളുപ്പമാണ്‌. അദ്ദേഹം ആ വാക്കുകള്‍ പിന്‍വലിക്കണമെന്ന്‌ എളിമയോടെ അപേക്ഷിക്കുന്നു.
സ്‌ത്രീ-പുരുഷന്മാരുടെ സ്വകാര്യതാസ്വാതന്ത്ര്യത്തെപ്പറ്റിയും അദ്ദേഹം ഭീതിജനകമായ ഒരാശയമാണ്‌ അവതരിപ്പിച്ചത്‌. അതായത്‌, നാട്ടുകാര്‍ക്ക്‌ ഒരു സ്‌ത്രീയെയും പുരുഷനെയുംപറ്റി സംശയം തോന്നിയാല്‍, അവര്‍ക്കു നിയമം കൈയിലെടുത്ത്‌ അവരെ മര്‍ദിക്കാനും അപമാനിക്കാനുമുളള അവകാശമുണ്ട്‌ എന്നാണു വിജയന്‍ സ്‌ഥാപിച്ചത്‌. ഒരു പക്ഷേ കേരള മുഖ്യമന്ത്രി തന്നെയായേക്കാവുന്ന ഒരു വ്യക്‌തിയില്‍നിന്ന്‌ ഇതു ഞെട്ടിപ്പിക്കുന്ന ഒരു സമീപനമാണ്‌.
അദ്ദേഹം കമ്യൂണിസ്‌റ്റ് പാര്‍ട്ടിയെ രണ്ടു പ്രമുഖ മതങ്ങളോടും പാര്‍ട്ടി നേതാക്കളെ അവയിലെ ദൈവങ്ങളോടും താരതമ്യപ്പെടുത്തിക്കൊണ്ടു പറഞ്ഞ വാക്കുകള്‍ പരിഭ്രമിപ്പിക്കുന്നവയാണ്‌. കമ്യൂണിസത്തെ മതങ്ങളോടു തുല്യമാക്കി താഴ്‌ത്തിക്കെട്ടുകയാണ്‌ അദ്ദേഹം ചെയ്യുന്നത്‌. സെക്കുലര്‍ എന്ന്‌ അഭിമാനിക്കുന്ന ഒരു പാര്‍ട്ടിയുടെ നേതാവില്‍നിന്നു വന്ന ഈ വാക്കുകള്‍ വേദിയറിഞ്ഞു പ്രസംഗിച്ചതിന്റെ ഫലം മാത്രമാണ്‌ എന്നു ഞാന്‍ ആശിക്കുകയാണ്‌.
സി.പി.എമ്മിനോടോ ഡി.വൈ.എഫ്‌.ഐയോടോ എനിക്കു യാതൊരു വിരോധവുമില്ല. എന്നു മാത്രമല്ല ഇടതുപക്ഷത്തിന്റെ കേരളത്തിലെ നിലനില്‍പ്‌ അതിപ്രധാനമായ ഒരാവശ്യമാണെന്നു വിശ്വസിക്കുന്നവനാണു ഞാന്‍. എന്നെ ഭര്‍ത്സിച്ച സഖാവിനോടോ എന്റെ മേല്‍ കൈവച്ച യുവസഹോദരങ്ങളോടോ യാതൊരു വിരോധവുമില്ല. അവര്‍ അവരുടെ കര്‍മം ചെയ്‌തു. അത്രമാത്രം. മറ്റാരോടും അവര്‍ അങ്ങനെ ചെയ്യാതിരിക്കട്ടെ എന്ന പ്രാര്‍ഥന മാത്രമുണ്ട്‌.
പയ്യന്നൂര്‍ പ്രസംഗമടക്കമുളള എന്റെ എളിയ ആശയ സംവാദങ്ങള്‍ ഞാന്‍ നടത്തുന്നതു കേരളത്തിലുണ്ട്‌ എന്നു ഞാന്‍ വിശ്വസിക്കുന്ന സെക്കുലര്‍-ജനാധിപത്യ ഇടത്തില്‍നിന്നുകൊണ്ടാണ്‌. ആ ഇടത്തില്‍ തന്നെയാണ്‌ സി.പി.എമ്മും ഡി.വൈ.എഫ്‌.ഐയും നിലകൊളളുന്നത്‌ എന്നു ഞാന്‍ പ്രത്യാശിക്കുന്നു.

1 comment:

റ്റോംസ് കോനുമഠം said...

നല്ല വായനയ്ക്ക് നന്ദി.
എന്റെ ബ്ലോഗിലും ജോയിന്‍ ചെയ്യണേ...!!
പരസ്പര സന്ദര്‍സനം എന്നേയും താങ്കളേയും കൂടുതല്‍ ശക്തരാക്കും.

സന്ദര്‍ശിക്കുക..!! ജോയിന്‍ ചെയ്യുക..!!

http://tomskonumadam.blogspot.com/