Tuesday, October 03, 2006

കേരളത്തില്‍ വര്‍ഗ്ഗീയതയുടെ പേരില്‍ ഒരുതുള്ളി ചോര പൊടിയാന്‍ അനുവധിച്ചുകൂടാ

മാറാട്‌ കലാപത്തെയും കൂട്ടക്കൊലയെയും പറ്റി അന്വേഷിച്ച തോമസ്‌ പി. ജോസഫ്‌ കമ്മീഷന്റെ റിപ്പോര്‍ട്ട്‌ കഴിഞ്ഞ ബുധനാഴ്ചയാണ്‌ നിയമസഭയില്‍ വെച്ചത്‌. കേരളത്തിലെ മതമൈത്രിക്കും സാമൂഹ്യ അന്തരീക്ഷത്തിനും ഏറെ മുറിവുകള്‍ ഏല്‍പ്പിച്ച മാറാട്‌ സംഭവത്തെപ്പറ്റി അന്വേഷിക്കുവാന്‍ നിയുക്തനായ ശ്രീ. തോമസ്‌ ജോസഫ്‌ കമ്മീഷന്റെ റിപ്പോര്‍ട്ട്‌ മുഖ്യമന്ത്രിക്ക്‌ നല്‍കിയത്‌ തിരഞ്ഞെടുപ്പിന്റെ രണ്ടുദിവസം മുമ്പാണ്‌. എന്നാല്‍ റിപ്പോര്‍ട്ട്‌ വാങ്ങി വായിച്ച അന്നത്തെ മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടി തുടര്‍ നടപടികള്‍ എടുക്കാതെ മാറ്റി വെച്ചു. യു.ഡി.എഫിലെ പ്രമുഖ കക്ഷികളായവര്‍ ഭീകരുരുമൊത്ത്‌ ഈ കലാപം ആസൂത്രിണം ചെയ്തതാണെന്നു ഈ അന്വേഷണ റിപ്പോര്‍ട്ട്‌ അര്‍ത്ഥശങ്കകളില്ലാതെ വ്യക്തമാക്കുന്നു.
2001ലെ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ പരാജയപ്പെടുത്താന്‍ യു.ഡി.എഫ്‌ കേരളത്തിലെ വര്‍ഗ്ഗീയ വാദികളെയും മതമൌലീക വാദികളെയും കൂട്ടുപിടിച്ച്‌ നടത്തിയ പ്രവര്‍ത്തനത്തിന്റെ ഫലമായി അവര്‍ ആവശ്യപ്പെടുന്നതെന്തും ചെയ്യുകയും അംഗീകരിക്കുകയും ചെയ്യുകയായിരുന്നു അന്ന് അധികാരത്തില്‍ വന്ന മുഖ്യമന്ത്രി എ.കെ. ആന്റണി ചെയ്തത്‌. അന്ന് ആഭ്യന്തര വകുപ്പ്‌ കൈകാര്യം ചെയ്ത മുഖ്യമന്ത്രി പോലീസിന്റെയും ഇന്റലിജന്‍സിന്റെയും റിപ്പോര്‍ട്ടുകള്‍ അവഗണിച്ചുകൊണ്ട്‌ മാറാട്ടില്‍ തീവ്രവാദം ശക്തിപ്പെടുത്താനുള്ള അവസരങ്ങള്‍ക്ക്‌ ഒത്താശചെയ്തുവെന്നു കമ്മീഷന്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്റലിജെന്‍സ്‌ റിപ്പോര്‍ട്ട്‌ അന്ന് സര്‍ക്കാര്‍ പൂഴ്ത്തിയെന്നും കലാപം തടയുവാന്‍ മുന്‍ കരുതല്‍ എടുക്കേണ്ടതിനുപകരം പോലീസിനെ പോലും പിന്‍ വലിച്ച്‌ കലാപകാരികള്‍ക്ക്‌ സഹായമൊരുക്കിയെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
2002 ജനുവരിയില്‍ മാറാട്‌ നടന്ന നിസ്സാര സംഭവത്തിന്റെ പേരിലാണ്‌ അഞ്ചുപേര്‍ ദാരുണമായി കൊല്ലപ്പെട്ടത്‌.കോടിക്കണക്കിനു രൂപയുടെ നാശനഷ്ടങ്ങളുണ്ടായി. ഈ സംഭവത്തില്‍ മുഖ്യ പങ്കുവഹിച്ച ആര്‍.എസ്‌.എസ്സിനെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുവാന്‍ അന്നത്തെ സര്‍ക്കാറിനു കഴിഞ്ഞില്ല. പ്രതികളെ അറസ്റ്റു ചെയ്യുന്നതിനു നീതീകരിക്കാനാവാത്ത കാലതാമസം വരുത്തി. കോടതിയില്‍ കുറ്റപത്രം നല്‍കുന്നതുതന്നെ നാളുകള്‍ക്കുശേഷമാണ്‌. ഇത്തരത്തിലുള്ള സര്‍ക്കാരിന്റെ അപരാധങ്ങള്‍ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളില്‍ പ്രതികാരദാഹം വളര്‍ത്താന്‍ കാരണമായി എന്നു കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
2002ലെ കലാപത്തിലെ പ്രതികളെ പിടികൂടാന്‍ സര്‍ക്കാര്‍ അമാന്തം കാണിക്കുക മാത്രമല്ല, കലാപം തടയാന്‍ ജീവന്‍പോലും പണയപ്പെടുത്തി രംഗത്തിറങ്ങിയ സി.പി.ഐ.(എം) പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുകയും യഥാര്‍ത്ഥകുറ്റവാളികളായ വര്‍ഗ്ഗീയ കക്ഷികളെ സൈര്യ വിഹാരം നടത്താന്‍ ശ്രമിച്ചതും രണ്ടാം മാറാട്‌ കൂട്ടക്കൊലയ്ക്ക്‌ കാരണമായിട്ടുണ്ടെന്നു കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാരും പോലീസും എല്ലാവിധ ഒത്താശകളും മത തീവ്രവാദികള്‍ക്ക്‌ നല്‍കിയതുകൊണ്ടാണ്‌ 2003 മെയ്‌ 2നു 9 പേരെ കൂട്ടക്കൊല ചെയ്യുവാന്‍ മത മൌലീക-തീവ്രവാദികള്‍ക്ക്‌ കഴിഞ്ഞത്‌. ഈ കൂട്ടക്കൊലയുടെ പിന്നിലുള്ള ഗൂഢാലോചനയില്‍ യു.ഡി.എഫിന്റെ പ്രമുഖ കക്ഷിയായ മുസ്ലീം ലീഗിന്റെ ഉന്നതന്മാര്‍ക്കു കൈയ്യുണ്ടെന്ന കമ്മീഷന്റെ കണ്ടെത്തല്‍ കേരള രാഷ്ട്രീയത്തിലടക്കം ദൂരവ്യാപകമായ ഭവിഷ്യത്തുകള്‍ക്ക്‌ കാരണമാകും. മതേതരത്തിന്റെ മുഖം മൂടിയണിഞ്ഞ്‌ മതതീവ്രവാദികളുമായി ചങ്ങാത്തത്തില്‍ കഴിയുന്ന മുസ്ലീം ലീഗാണ്‌ മാറാട്‌ കമ്മീഷനെ തള്ളിപ്പറയുന്നത്‌.
2003 മെയ്‌ രണ്ടിനു നടന്ന പൈശാചികമായ കൂട്ടക്കൊലയ്ക്ക്‌ മുസ്ലീം ലീഗും മത തീവ്രവാദി സംഘടനകളുമാണ്‌ നേതൃത്വം നല്‍കിയതെങ്കില്‍ കൂട്ടക്കൊലയ്ക്ക്‌ ശേഷം ആ പ്രദേശത്തൊക്കെ ആര്‍.എസ്‌.എസ്സ്‌ സംഘപരിവാര്‍ അടക്കമുള്ള ഹിന്ദു വര്‍ഗ്ഗീയവാദികളുടെ അഴിഞ്ഞാട്ടമായിരുന്നു. പ്രദേശത്തെ മുസ്ലീം ജനതയെ ഒന്നടങ്കം ആട്ടിയോടിക്കുവാനും അവരുടെ വസ്തുക്കള്‍ കൊള്ളയടിക്കുവാനുമാണവര്‍ മുതിര്‍ന്നത്‌. മാസങ്ങളോളം അവരുടെ വിളയാട്ടമായിരുന്നു അവിടെ. ഇവര്‍ക്കെതിരെ യാതൊരു നടപടികളും എടുക്കുവാന്‍ യുഡി.എഫ്‌ സര്‍ക്കാര്‍ തയ്യാറായില്ലയെന്നത്‌ ചരിത്രത്തിലെ ഏറ്റവും വലിയ അധ്യായമായിരിക്കും. ആട്ടിയോടിക്കപ്പെട്ടവര്‍ മുഴുവനും തിരിച്ചുവന്നിട്ടില്ലെങ്കിലും തിരിച്ചു വന്നവര്‍ക്ക്‌ ഇപ്പോഴും ഭയം ഉള്ളിലൊതുക്കി ദിനരാത്രങ്ങള്‍ എണ്ണി നീക്കുകയാണ്‌.
ഇത്തരം സ്ഥിതിയിലേയ്ക്ക്‌ മാറാട്ടെ ജനങ്ങളെ തള്ളിവിട്ടതില്‍ ന്യൂനപക്ഷ-ഭൂരിപക്ഷ വര്‍ഗ്ഗീയക്കാര്‍ ഒരുപോലെ കുറ്റക്കാരാണ്‌. സമൂഹത്തില്‍ വര്‍ഗ്ഗീയ ചേരിതിരുവുണ്ടാക്കി സ്വന്തം കാര്യം നേടാന്‍ ശ്രമിക്കുന്നവരെ ജനങ്ങള്‍ തിരിച്ചറിയണം. വര്‍ഗ്ഗീയതയും മത മൌലീകവാദവും തീവ്രവാദവും പ്രചരിപ്പിച്ച്‌ സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തെ തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നവരെ സാമൂഹ്യവിരുദ്ധരായി കാണാന്‍ ജനങ്ങള്‍ തയ്യാറാകണം. കേരളത്തിന്റെ മണ്ണില്‍ വര്‍ഗ്ഗീയതയുടെ പേരില്‍ ഒരുതുള്ളി ചോരപോലും പൊഴിയുവാന്‍ അവസരം കൊടുക്കില്ലായെന്നു ഉറച്ച പ്രതിഞ്ജ എടുക്കുവാന്‍ ഓരോരുത്തരും തയ്യാറാകണം. വളര്‍ന്നു വരുന്ന തലമുറയില്‍ വര്‍ഗ്ഗീയ വിഷം കുത്തിവെയ്ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ വ്യാപകമായ ബോധവല്‍ക്കരണം ആവശ്യമാണ്‌. കേരളത്തിലെ ജനങ്ങള്‍ നൂറ്റാണ്ടുകളായി സ്വായത്തമാക്കിയിട്ടുള്ള മതേതരത്ത വിശ്വാസങ്ങളെ ജനാധിപത്യ പുരോഗമന ആശയങ്ങളെ വെല്ലുവിളിക്കാനും അവയ്ക്കുമേല്‍ ആധിപത്യം സ്ഥാപിക്കാനുമുള്ള മത തീവ്രവാദികളുടെ ശ്രമങ്ങളെ എന്തുവിലകൊടുത്തും പരാജയപ്പെടുത്തിയേ മതിയാകൂ.

No comments: