Sunday, August 06, 2006

സ്മാര്‍ട്ട്‌ സിറ്റി സ്വാഗതാര്‍ഹം

സ്മാര്‍ട്ട്‌ സിറ്റി സ്വാഗതാര്‍ഹം - നാരായണന്‍ വെലിയങ്കോട്‌
കേരളത്തിന്റെ ഉത്തമ താത്പര്യങ്ങള്‍ക്ക്‌ വിരുദ്ധമായി സ്മാര്‍ട്ട്‌ സിറ്റി പ്രശ്നത്തില്‍ കഴിഞ്ഞ യു.ഡി.എഫ്‌ സര്‍ക്കാര്‍ കൈകൊണ്ട നിലപാടിന്‌ എതിരെ കേരളത്തിലെ ജനങ്ങള്‍ ശക്തമായ പ്രതിഷേധവുമായിട്ടാണ്‌ രംഗത്തുവന്നത്‌. എന്നാല്‍ യു.ഡി.എഫ്‌ സര്‍ക്കാര്‍ കൈകൊണ്ട ദേശവിരുദ്ധനിലപാടുള്‍ക്കനുകൂലമായി ചില പത്രമാധ്യമങ്ങളും ചില സാദൃശ്യ വ്യവസായ പ്രമുഖരും വമ്പിച്ച പ്രചരണം അഴിച്ചുവിടുകയും ചെയ്തു. ഗവണ്‍മന്റ്‌ പിന്തുടരുന്ന ദേശവിരുദ്ധ ജനവിരുദ്ധ നയങ്ങളെ എതിര്‍ക്കുന്നവരെ വികസന വിരുദ്ധരെന്നവര്‍ മുദ്രകുത്തി. കേരളത്തെയാകെ വില്‍ക്കുന്നവരെ വികസനത്തിന്റെ വക്താക്കളായി ചിത്രീകരിച്ചു. എന്നാല്‍ സാധാരണക്കാരായ ഗള്‍ഫ്‌ മലയാളികളും കേരളത്തിലുള്ളവരും യു.ഡി.എഫ്‌ സര്‍ക്കാറിന്റെ നിലപാടുകളില്‍ സംശയം പ്രകടിപ്പിക്കുകയും ഇങ്ങനെ പോയാല്‍ കേരളത്തെയാകെ ഇവര്‍ വിറ്റുതുലക്കുമെന്ന നിഗമനത്തിലെത്തില്‍ എത്തുകയും അവര്‍ അണിഞ്ഞ വികസനത്തിന്റെ മുഖം മൂടി പിച്ചിചീന്തി അവരുടെ യഥാര്‍ത്ഥരൂപം ജനങ്ങള്‍ക്ക്‌ മുന്നില്‍ വെളിപ്പെടുത്തുകയും ചെയ്തു.ഇടതുപക്ഷം മുന്നോട്ടുവെച്ച വ്യവസ്ഥകള്‍ അംഗീകരിച്ചുകൊണ്ട്‌ കൊച്ചിയില്‍ സ്മാര്‍ട്ട്‌ സിറ്റി ആരംഭിക്കാന്‍ ദുബായി ഡി.ഐ.സി തയ്യാറാണെന്ന സ്ഥിതിയിലേയ്ക്ക്‌ കാര്യങ്ങള്‍ ഇന്നു ചെന്നെത്തിയിരിക്കുന്നു. കേരളം വികസിപ്പിച്ചെടുത്ത, ആയിരക്കണക്കിനാളുകള്‍ ജോലിയെടുക്കുന്ന, കോടിക്കണക്കിനുരൂപ സര്‍ക്കാര്‍ മുതല്‍മുടക്കിയ ലക്ഷക്കണക്കിനുരൂപ പ്രതിവര്‍ഷം സര്‍ക്കാറിന്റെ വാടകയിനത്തില്‍ മാത്രം കിട്ടുന്ന നിരവധി ഐടി കമ്പനികള്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഫോപാര്‍ക്ക്‌ സ്മാര്‍ട്ട്‌ സിറ്റിയ്ക്ക്‌ വിട്ടുകൊടുക്കില്ലെന്ന ഇടതുപക്ഷത്തിന്റെ നയം ഇടതു സര്‍ക്കാര്‍ മുന്നോട്ട്‌ വെച്ചത്‌ അംഗീകരിക്കുവാന്‍ ഡി.ഐസി തയ്യാറാകുന്നുവെന്നത്‌ സ്വാഗതാര്‍ഹമാണ്‌.കൊച്ചിയിലും പരിസരത്തും മറ്റു ഐടി അനുബന്ധ വ്യവസായങ്ങള്‍ പാടില്ലെന്ന സ്മാര്‍ട്ട്‌ സിറ്റിയുടെ നയവും തിരുത്തുവാന്‍ ഡി.ഐ.സി തയ്യാറായിരിക്കുന്നുവെന്നത്‌ ഇടതു സര്‍ക്കാറിനും സഖാവ്‌ അച്ചുതാനന്ദനും അഭിമാനത്തിനു വക നല്‍കുന്നു. 33000 പേര്‍ക്ക്‌ ജോലി കൊടുക്കാമെന്നുള്ള ഉറപ്പും സര്‍ക്കാര്‍ അനുവദിക്കുന്ന ഭൂമി ഐടി സംരംഭങ്ങള്‍ക്കുമാത്രമേ ഉപയോഗിക്കാവൂ എന്ന ഉറപ്പും സര്‍ക്കാറിനു നല്‍കാന്‍ ഡി.ഐ.സി അധികൃതര്‍ തയ്യാറാകുമെന്നാണ്‌ സൂചന.കേരളത്തിനു അഭിമാനകരമായ സ്മാര്‍ട്ട്‌ സിറ്റി കേരളത്തിന്റെ അഭിമാനത്തിനു ക്ഷതമേല്‍ക്കാതെ ഉടനെത്തന്നെ തുടരുമെന്നു നമുക്കു കരുതാം. ഈ സന്ദര്‍ഭത്തില്‍ എന്തുകൊണ്ട്‌ മുന്‍സര്‍ക്കാര്‍ കേരളത്തിന്റെ താത്പര്യങ്ങള്‍ക്ക്‌ വിരുദ്ധമായ നിലപാടുകള്‍ സ്വീകരിച്ചുവെന്നതും അന്വേഷണവിധേയമാക്കേണ്ടതാണ്‌

3 comments:

Abdul Gafoor Rahmani said...

സ്മാര്‍ട്ട് സിററി എന്ന ആശയം വികസനം ആഗ്രഹിച്ച യു ഡി എഫിന് പിടിവള്ളിയായിരുന്നു അതില്‍ ഡി ഐ സി യുടെ നിബന്ധനകള്‍ക്ക് വഴങ്ങി.എന്നാല്‍ എല്‍ ഡി എഫ് ജനകീയമെന്ന നിലയില്‍ ഐടി വികസനമെന്ന ആശയത്തെ തന്നെ എതിര്‍ത്തുവേന്നതാണ് ശരി. വികസനവിരുധ്ദ്മെന്ന് മുദ്രയടിക്കപ്പെട്ടപ്പോള്‍ അത് നീക്കല്‍ ആവശ്യമായി മാറി അങ്ങനെയാണ് ജനവിരുദ്ധ നിബന്ധന ഒഴിവാക്കുയുള്ള ഒരു സ്മാര്‍ട്ട് സിററിയാവാമെന്നായത് . കാര്യങ്ങള്‍ ഇത്രവരെയായ സ്ഥിതിക്ക് പൂര്‍ത്തിയാക്കാന്‍ ഡി ഐ സി യും തയ്യാറാവുന്നതാണ് കാണുന്നത് .

കെവിൻ & സിജി said...

റിയല് ഏജന്സികള്ക്കു് വഴങ്ങാതെ തന്നെ ഇടതുപക്ഷം കാര്യങ്ങള് നീക്കുന്നതില് സന്തോഷമുണ്ടു്.

മഹേഷ് said...

സ്മാര്‍ട്ട്‌ സിറ്റിക്കു പിറകെ എന്തെല്ലാം വിപ്ലവാത്മക പദ്ധതികള്‍ വരാനിരിക്കുന്നു.എക്സ്പ്രസ്സ്‌ ഹൈവേ വേറൊരു പേരില്‍, കണ്ണൂരില്‍ വാട്ടര്‍ തീം പാര്‍ക്ക്‌ പദ്ധതികള്‍ തുടങ്ങിയിട്ടേയുള്ളൂ.പേരിട്ടിട്ടില്ലാത്ത ഒരു പദ്ധതി എല്ലാ പോലീസ്‌ സ്റ്റേ ഷനുകളിലും നടത്തുന്നുണ്ട്‌. കൊല്ലപ്പെട്ടവരുടെ കാര്യത്തില്‍ യു.എന്നിനോ പൌരാവകാശകിങ്കരന്മാര്‍ക്കോ ഇടപെടാന്‍ പാടില്ലാത്ത ഉന്നതമായ മനുഷ്യസ്നേഹപദ്ധതി.
ആവേശഭരിതരാവൂ സഖാക്കളേ