Saturday, August 05, 2006

സ്വാശ്രയ നിയമത്തിലെ നീതി കാണണം. - മുഖ്യമന്ത്രി
കൊച്ചി: വിടേശ മലയാളികളില്‍ താഴ്ന്ന വരുമാനക്കാര്‍ക്കും മെറിറ്റില്‍ ഉയര്‍ന്ന റാങ്ക്‌ നേടിയവര്‍ക്കും എന്‍.ആര്‍.ഐ ക്വാട്ടയിലല്ലാതെ തന്നെ സ്വാശ്രയ പ്രൊഫഷണല്‍ കോളേജുകളില്‍ പ്രവേശനം നേടാന്‍ കഴിയുമെന്നത്‌ കാണാതെ സ്വാശ്രയ നിയമത്തെ വിമര്‍ശിക്കരുതെന്നു മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ പറഞ്ഞു. എന്നാല്‍ എന്‍.ആര്‍.ഐ ക്വാട്ടയില്‍ അഞ്ചിരട്ടിവരെ വാങ്ങാമെന്നത്‌ അധികമാണെന്ന ആക്ഷേപത്തില്‍ സഹപ്രവര്‍ത്തകരുമായി ആലോചിച്ച ശേഷം ഉചിതമായ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ വിദേശമലയാളികളും സമ്പന്നരാണെന്ന ധാരണയൊന്നും സര്‍ക്കാറിനില്ല. വിമാനകമ്പനികള്‍ ഗള്‍ഫ്‌ മലയാളികളെ കൊള്ളയടിക്കുന്നുവെന്ന പരാതിയുണ്ട്‌. കുറഞ്ഞ നിരക്കില്‍ ഗള്‍ഫിലേയ്ക്ക്‌ വിമാനസര്‍വ്വീസ്‌ ഏര്‍പ്പെടുത്തുന്ന കാര്യം ആലോചിക്കും. പുറം രാജ്യങ്ങളില്‍ മരിക്കുന്ന മലയാളികളുടെ മൃതദേഹങ്ങള്‍ ഉടനെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിഭാഗീയതയെ ചെറുത്ത്‌ സി.പി.ഐ.(എം) ഒറ്റക്കെട്ടായി മുന്നോട്ട്‌ - പിണറായി
‍കേരളത്തിലെ സി.പി.ഐ എമ്മില്‍ നിലനിന്ന വിഭാഗീയ പ്രശ്നങ്ങള്‍ പരിഹരിക്കാനും പാര്‍ട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുപോകാനുമുള്ള ശക്തമായ ശ്രമങ്ങളുടെ ഫലമാണ്‌ ജുലൈ 19,20,21 തീയ്യതികളില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയോഗം എടുത്ത തീരുമാനങ്ങള്‍. കേരളത്തിലെ ഉള്‍പ്പാര്‍ട്ടി സ്ഥിതിയെകുറിച്ച്‌ ഗൌരവമായ റിപ്പോര്‍ട്ടുകളാണ്‌ മലപ്പുറത്തെ സംസ്ഥാന സമ്മേളനത്തിനുമുമ്പ്‌ പോളിറ്റ്ബ്യൂറോയ്ക്ക്‌ ലഭിച്ചത്‌. ആ ഘട്ടത്തില്‍ ബൂര്‍ഷാമാധ്യമങ്ങളില്‍ നിറയെ വിഭാഗീയ വഴക്കുകള്‍ ഉയര്‍ത്തിക്കാട്ടുന്ന റിപ്പോര്‍ട്ടുകളായിരുന്നു. പാര്‍ട്ടിയുടെ അന്തസത്ത തകര്‍ക്കാനാണ്‌ ബൂര്‍ഷാമാധ്യമങ്ങള്‍ ശ്രമിച്ചത്‌.
കോടതി തകര്‍ത്തത്‌ ജനങ്ങളുടെ ഇച്ഛയെ - പിണറായി
തിരുവനന്തപുരം: ഒരു നിയമം നിലവിലിരിക്കെ ആ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം നടത്താനുള്ള സര്‍ക്കാറിന്റെ നിയമപരമായ അധികാരത്തെ തടഞ്ഞതിലൂടെ വിദ്യാഭ്യാസ വാണിജ്യവല്‍ക്കരണത്തെ തടയാനുള്ള ജനങ്ങളുടെ ഇച്ഛയെയാണ്‌ കോടതി തകര്‍ത്തിരിക്കുന്നതെന്നു സി.പി.ഐ.എം സംസ്ഥാന സിക്രട്ടറി പിണറായി വിജയന്‍ പ്രസ്താവനയില്‍ പറഞ്ഞു.സ്വാശ്രയ നിയമത്തിന്റെ കാതല്‍സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടില്‍ കഴിയുന്ന പട്ടികജാതി - പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ പെട്ടവര്‍ക്ക്‌ പത്തുശതമാനം സംവരണം, മറ്റു പിന്നോക്ക വിഭാഗത്തില്‍ പെട്ടവര്‍ക്ക്‌ 25 ശതമാനം സംവരണം, ആ വിഭാഗത്തില്‍ പെടാത്തവര്‍ക്കും എന്നാല്‍ സാമ്പത്തീകമായി പിന്നോക്കം നില്‍ക്കുന്നതുമായ വിദ്യാര്‍ത്ഥികള്‍ക്ക്‌ 12 ശതമാനം സംവരണം, വികലാംഗര്‍ക്ക്‌ 3 ശതമാനം സംവരണം, ഇങ്ങനെ അമ്പതു ശതമാനം സംവരണ സീറ്റുകളില്‍ പ്രവേശനം ലഭിക്കുന്നവര്‍ക്ക്‌ സര്‍ക്കാര്‍ കോളേജുകളിലെ നിരക്കില്‍ ഫീസ്‌, സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായ മെറിറ്റ്‌ - കേരള ജനത ആഗ്രഹിച്ചതും അവര്‍ സര്‍വാത്മനാ പിന്തുണച്ചതുമായ പ്രവേശന രീതി, ഫീസ്‌ ഘടന.
വൈദീകര്‍ ക്രിസ്തുവിനെ കൊല്ലുന്നു. - അഴീക്കോട്
കണ്ണൂര്‍: ലാഭം പ്രതീക്ഷിച്ച്‌ വിദ്യാഭ്യാസം കച്ചവടം നടത്തുന്ന വൈദീകര്‍ ക്രിസ്തുവിനെ നിരന്തരം കൊന്നുകൊണ്ടിരിക്കുകയാണെന്നും ഇതു പറഞ്ഞിട്ടു ഇനി മരിച്ചാലും വേണ്ടില്ലെന്നും ഡോ. സുകുമാര്‍ അഴീക്കോട്‌. കണ്ണൂര്‍ ചേംബര്‍ ഹാളില്‍ നടന്ന സ്വാശ്രയ വിദ്യാഭ്യാസ സെമിനാര്‍ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ എങ്ങിനെ പഠിക്കുന്നുവെന്നു ഒരു വൈദികനും ചിന്തിക്കുന്നില്ല. നമ്മുടെ തിരുമേനിമാര്‍ക്കിടയില്‍ എനിക്ക്‌ അടുത്ത ബന്ധമുള്ളവരും ഉണ്ട്‌. ക്രിസ്തുവിന്റെ ആദര്‍ശങ്ങള്‍ പരിപാലിക്കുന്നവരും അല്ലാത്തവരും അക്കൂട്ടത്തില്‍പെടും. ലാഭം കിട്ടുന്നില്ലെന്നു പറയുന്ന മാനേജ്മെന്റുകളോട്‌ എനിക്ക്‌ ഒരു കാര്യം ചോദിക്കാനുണ്ട്‌. നിങ്ങളോട്‌ ആരെങ്കിലും കോളേജ്‌ നടത്തണമെന്നു ആവശ്യപ്പെട്ടിട്ടുണ്ടോ? ഇറക്കിയ മുടക്കുമുതല്‍ മൂന്നുകൊല്ലം കൊണ്ട്‌ തിരിച്ചുകിട്ടണമെന്നു പറയുന്നവര്‍ വേറെ പണി നോക്കണം. മത്സ്യ കച്ചവടം നടത്തിയാലും മതിയാകും.- സുകുമാര്‍ അഴീക്കോട്‌ തുറന്നടിച്ചു. ആത്മഹത്യചെയ്യുന്ന സമൂഹത്തിനുമുന്നില്‍ മാംസം ആവശ്യപ്പെടുന്ന ഷെയിലോക്കുമാരാകുകയാണ്‌ സ്വാശ്രയ മാനേജുമെന്റുകള്‍. ഒരു റാത്തല്‍ ഇറച്ചിക്കുവേണ്ടിയാണ്‌ ഇവരുടെ കച്ചവടം. - അഴീക്കോട്‌ പറഞ്ഞു. വൈദീകര്‍ക്ക്‌ പള്ളികളുമായല്ല അടുപ്പം വേണ്ടത്‌... ക്രിസ്തുവുമായാണ്‌. ഇവിടെ വിമര്‍ശിക്കാന്‍ പാടില്ലാത്തവരായി ആരുമില്ല. സര്‍വ്വേശ്വരനേയും വിമര്‍ശിക്കാം. 57ല്‍ വിദ്യാഭ്യാസ നയം കൊണ്ടുവന്ന ജോസഫ്‌ മുണ്ടശ്ശേരി അധ്യാപകനായിരുന്നു. എന്നാല്‍ എം.എ. ബേബി വിദ്യാഭ്യാസ വിദഗ്ദനല്ല.കാര്യങ്ങള്‍ ചര്‍ച്ചചെയ്യുവാന്‍ വിദ്യാഭ്യാസ വിദഗ്ദനാകേണ്ട. കേരളത്തിന്റെ വാദം മാറ്റി വെച്ചുകൊണ്ട്‌ സുപ്രീം കോടതിയുടെ പരാമര്‍ശങ്ങളോട്‌ ഞാന്‍ യോജിക്കുന്നില്ല. ജനങ്ങളുടെ അഭിലാഷങ്ങള്‍ പ്രതിഫലിക്കുന്ന കേസുകള്‍ക്ക്‌ പ്രഥമ പരിഗണനകിട്ടണം. അള്‍ട്ടിമേറ്റ്‌ കോര്‍ട്ട്‌ ജനങ്ങളാണ്‌. സുപ്രീം കോടതി നടത്തിയതു ജസ്റ്റിസല്ല. ഇതു സുപ്രീമുമല്ല. സാധാരണക്കാരനു ലക്ഷങ്ങള്‍ ചിലവഴിച്ച്‌ ഡല്‍ഃഹിയില്‍ പോയി കേസ്‌ നടത്താനാകുമോ? സുകുമാര്‍ അഴീക്കോട്‌ ചോദിച്ചു. എം. പ്രകാശന്‍ മാസ്റ്റര്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. പ്രൊഫ. ജോസ്ജോബ്‌ കുളവേലില്‍ വിഷയാവതരണം നടത്തി. പി.പി. ലക്ഷമണന്‍, കണ്വീനര്‍ എം.കെ. നമ്പ്യാര്‍ എന്നിവര്‍ പ്രസംഗിച്ചു.

No comments: